വികസനം ഭാവി തലമുറയെ മുന്നില്‍ കണ്ടുകൊണ്ട്; ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ വലിയ മാറ്റം വരും: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോഴും സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാവി തലമുറയെ മുന്നില്‍ കണ്ടാണ് വികസനം. പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ധിക്കണം. ജനങ്ങളെ കബളിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നല്‍കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. റവന്യൂ വകുപ്പിന് കീഴില്‍ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് രൂപീകരിക്കുന്ന വില്ലേജ് ജനകീയ സമിതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകരയായിരുന്നു മുഖ്യമന്ത്രി
ജനപങ്കാളിത്വത്തോടെ വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയാണ് വില്ലേജ് ജനകീയ സമിതി. റവന്യൂ വകുപ്പിലടക്കം 610 സേവനങ്ങള്‍ ഓണ്‍ലൈനാക്കി മാറ്റി.ഉന്നത വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കും.
കണ്ണൂര്‍, കാലിക്കറ്റ്, കൊച്ചി, എംജി, കേരള സര്‍വകലാശാലകളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോസ്റ്റല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നൈപുണ്യ വികസനത്തിന് ഊന്നല്‍ നല്‍കും. ഉന്നത വിദ്യാഭ്യാസ മേഖലയും ആരോഗ്യ രംഗത്തും വലിയ മാറ്റങ്ങള്‍ കൊണ്ടുവരും- മുഖ്യമന്ത്രി പറഞ്ഞു.