കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; അന്വേഷണ കമ്മിഷനായി പികെ ബിജുവിനെ നിയമിച്ച രേഖ പുറത്തുവിട്ട് അനില്‍ അക്കര
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഐഎം നേതാവ് പികെ ബിജുവിന്റെ വാദം തള്ളി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. പികെ ബിജുവിനെ അന്വേഷണ കമ്മീഷനായി നിയമിച്ച രേഖ അനില്‍ അക്കര പുറത്ത് വിട്ടു. സിപിഐഎമ്മാണ് ബിജുനിനെ അന്വേഷണ കമ്മിഷനായി നിയമിച്ചതെന്ന് രേഖയില്‍ വ്യക്തമാക്കുന്നു. സമൂഹമാധ്യമത്തിലൂടെയാണ് അനില്‍ അക്കര രേഖ പുറത്തുവിട്ടത്.
പാര്‍ട്ടി ഓഫീസിലിരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് തൃശൂര്‍ അരിയങ്ങാടിയില്‍ പോലും കിട്ടുമെന്നും അനില്‍ അക്കര പറഞ്ഞു. അന്വേഷണ കമ്മിഷന്‍ അംഗമല്ലായിരുന്നു എന്നായിരുന്നു പികെ ബിജുവിന്റെ വാദം. ഇതിനെതിരെയാണ് അനില്‍ അക്കര രേഖകള്‍ പുറത്തുവിട്ടത്. അനില്‍ അക്കരയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിമായിരുന്നെന്നും തെളിവുണ്ടെങ്കില്‍ പുറത്തുവിടണമെന്നും പികെ ബിജു പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് രേഖ പുറത്തുവിട്ടത്. താന്‍ അന്വേഷണ കമ്മീഷനലില്ല. പാര്‍ട്ടി കമ്മീഷനെ വച്ചോ എന്ന് തനിക്കറിയില്ലെന്നും പികെ ബിജു പറഞ്ഞിരുന്നു. ആരോപണം രാഷ്ട്രീമായും നിയമപരമായും നേരിടുമെന്നുമായിരുന്നു പികെ ബിജുവിന്റെ പ്രതികരണം.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന് പിന്നില്‍ ആരോപണവിധേയനായത് മുന്‍ എംപി പി.കെ ബിജുവാണെന്നും കേസിലെ ഒന്നാംപ്രതി പി സതീഷ് കുമാറും ബിജുവും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നുമാണ് അനില്‍ അക്കര ഉന്നയിച്ച ആരോപണങ്ങള്‍. തട്ടിപ്പ് പണം കൈപ്പറ്റിയവരുടെ കൂട്ടത്തില്‍ മുന്‍ എംപിയും ഉണ്ടെന്ന് ഇ.ഡി കോടതിയില്‍ അറിയിച്ചിരുന്നു. സാമ്പത്തിക ഇടപാടുകളില്‍ സതീഷ് കുമാറിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സി.പി.എം. അംഗം കെ.എ. ജിജോറിന്റെ സാക്ഷിമൊഴികളാണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്.