കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ആരോപണം അടിസ്ഥാനരഹിതം; വ്യക്തിഹത്യ നടത്തുന്നുവെന്ന് പി കെ ബിജു
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അനില്‍ അക്കര ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച് മുന്‍ എംപി പികെ ബിജു. അനില്‍ അക്കരയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പികെ ബിജു മാധ്യമങ്ങളോട് പ്രതികരിച്ചു. ഏതെങ്കിലും തരത്തിലുള്ള തെളിവുകള്‍ ഉണ്ടെങ്കില്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അനില്‍ അക്കര വ്യക്തിഹത്യ നടത്തുന്നുവെന്നും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും പി കെ ബിജു വ്യക്തമാക്കി. ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുമായി ആലോചിച്ച് യുക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പികെ ബിജു പറഞ്ഞു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന് പിന്നില്‍ ആരോപണവിധേയനായത് മുന്‍ എംപി പി.കെ ബിജുവാണെന്നും കേസിലെ ഒന്നാംപ്രതി പി സതീഷ് കുമാറും ബിജുവും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നുമാണ് അനില്‍ അക്കര ഉന്നയിച്ച ആരോപണങ്ങള്‍. തട്ടിപ്പ് പണം കൈപ്പറ്റിയവരുടെ കൂട്ടത്തില്‍ മുന്‍ എംപിയും ഉണ്ടെന്ന് ഇ.ഡി കോടതിയില്‍ അറിയിച്ചിരുന്നു. സാമ്പത്തിക ഇടപാടുകളില്‍ സതീഷ് കുമാറിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സി.പി.എം. അംഗം കെ.എ. ജിജോറിന്റെ സാക്ഷിമൊഴികളാണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്.
എസി മൊയ്തീന് പിന്നാലെ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ കൂടുതല്‍ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് സൂചനയാണ് ഇ ഡി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. കേസിലെ ഒന്നാം പ്രതിയായ പി സതീഷ് കുമാര്‍ ഒരു മുന്‍ എംപിയ്ക്ക് പണം കൈമാറിയെന്നാണ് കണ്ടെത്തല്‍. എന്നാല്‍, സതീഷ്‌കുമാറുമായി ബന്ധമുള്ള ജനപ്രതിനിധികളുടേയും പോലീസ് ഉദ്യോഗസ്ഥന്റേയും പേരുകള്‍ ഇ.ഡി. വെളിപ്പെടുത്തിയിട്ടില്ല.