കോവിഡിൽ വാഹന ഉടമകള്‍ സാമ്പത്തിക ബുദ്ധിമുട്ടിൽ: സംസ്ഥാനത്ത് വാഹന നികുതി ഒഴിവാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ്, കോണ്‍ട്രാക്ട് കാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ ക്വാര്‍ടെറിലെ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കിയതായി ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു അറിയിച്ചു. കോവിഡ് മഹാമാരി മൂലം വാഹന ഉടമകള്‍ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ചാണ് നടപടിയെന്ന് മന്ത്രി അറിയിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിലെ വാഹന നികുതി ഒഴിവാക്കിയാണ് ഉത്തരവിറക്കിയത്.
അതിനിടെ കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിലെ പൊതുഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ബസ് സര്‍വീസുകള്‍ നിലവിലില്ലാത്ത വിവിധ റോഡുകളിലൂടെ കെ.എസ്.ആര്‍.ടി.സി സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായും സര്‍വ്വീസുകള്‍ സുഗമമാക്കുന്നതിന് തടസ്സമാവുന്ന വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ്ങ് കര്‍ശനമായി നിയന്ത്രിക്കുന്നതിനും മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗം തീരുമാനിച്ചു.
ഏഴ് റൂട്ടുകളിലൂടെയാണ് കെ.എസ്.ആര്‍.ടി.സി ആദ്യം സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ആരംഭിക്കുന്നത്. വിവിധ നിറങ്ങളില്‍ അടയാളപ്പെടുത്തിയിട്ടുള്ള ബസ്സുകള്‍ സര്‍ക്കുലറായി ക്ലോക്ക് വൈസ് ആയും ആന്റി ക്ലോക്ക് വൈസ് ആയും സര്‍വീസ് നടത്തും. നിശ്‌ചിത തുക നല്‍കി പാസ് എടുക്കുന്നവര്‍ക്ക് 24 മണിക്കൂര്‍ സിറ്റി സര്‍ക്കുലര്‍ ബസില്‍ സഞ്ചരിക്കാനാവുന്നതാണ്. ഇരു ഭാഗത്തുനിന്നും വരുന്ന ബസ്സുകള്‍ സംഗമിക്കുന്ന സ്‌ഥലങ്ങളില്‍ വാഹന പാര്‍ക്കിങ്ങ് മൂലം ട്രാഫിക് ബ്ലോക്കിന് സാധ്യതയുള്ളതിനാല്‍ അനധികൃത പാര്‍ക്കിങ്ങ് കര്‍ശനമായി തടയേണ്ടതുണ്ടെന്ന് യോഗം തീരുമാനിച്ചു.