ജലീൽ നല്ലൊരു ഇടത് സഹയാത്രികനായി തന്നെ തുടരും; തള്ളിയെന്ന പ്രചാരണം തെറ്റ്: മുഖ്യമന്ത്രി
എ ആർ സഹകരണ ബാങ്ക് ക്രമക്കേട് വിഷയത്തിൽ കെ ടി ജലീലിനെ തള്ളിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ ടി ജലീൽ നല്ലൊരു ഇടത് സഹയാത്രികനായി തുടരും. കേരളത്തിലെ സഹകരണ മേഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെറ്റായ കാര്യങ്ങളുണ്ടായാൽ അത് പരിശോധിക്കുന്നതിനും നടപടിയെടുക്കുന്നതിനും സഹകരണ വകുപ്പുണ്ട്
ഈ പറഞ്ഞ പ്രത്യേക ബാങ്കിന്റെ കാര്യത്തിലും സഹകരണ വകുപ്പ് നടപടി ആരംഭിച്ചതാണ്. കോടതി സ്‌റ്റേയുള്ളതിനാലാണ് തുടരാൻ പറ്റാത്തത്. അതിന് ഇ ഡി വരേണ്ട ആവശ്യമില്ല. ഇ ഡി വരേണ്ട സാഹചര്യം ഒരുക്കേണ്ടതില്ല. വിഷയത്തിൽ ഇ ഡി വരികയെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് ജലീൽ തന്നെ വ്യക്തമാക്കിയ കാര്യമാണ്. ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇ ഡിയുടെ മുന്നിൽ ഉന്നയിച്ചിട്ടില്ല. ചന്ദ്രികയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇ ഡിയുടെ മുന്നിൽ ഉന്നയിച്ചതെന്ന് ജലീൽ വ്യക്തമാക്കിയതാണ്.
ജലീലിനെ സിപിഎം തള്ളിയെന്നൊരു പ്രചാരണം കണ്ടു. എന്നാൽ ജലീൽ നല്ലൊരു ഇടത് സഹയാത്രികനായാണ് പ്രവർത്തിച്ചിട്ടുള്ളത്. അത് തുടരും. ലീഗിനോടുള്ള സമീപനത്തിൽ മാറ്റമുണ്ടാകില്ല. കെ ടി ജലീൽ വ്യക്തിവിരോധം തീർക്കുന്നുവെന്ന് ആരും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.