‘മലിനീകരണത്തിന്‍റെ പൂര്‍ണ ഉത്തരവാദി സിഎംആര്‍എല്‍ അല്ല’; പണം വാങ്ങിയത് നിഷേധിക്കാതെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: സിഎംആർഎൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം നിഷേധിക്കാതെ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പണം വാങ്ങിയത് എല്ലാം നേതാക്കളാണ്. അങ്ങനെ പണം വാങ്ങുന്നതിൽ തെറ്റില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മൊത്തം പരിസ്ഥിതി മലിനീകരണത്തിന്റെ ഉത്തരവാദിത്തം ഒരു കരിമണൽ കമ്പനിയുടെ തലയിൽ ഇടുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയ വിഷയം സഭയിൽ ഉന്നയിക്കാത്ത പ്രതിപക്ഷ നിലപാടിനെ ചട്ടം പറഞ്ഞ് ന്യായീകരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സഭയിൽ പ്രതിപക്ഷം എന്ത് ഉന്നയിക്കണമെന്ന് മാധ്യമങ്ങൾ അല്ല തീരുമാനിക്കുന്നതെന്നും സതീശൻ പറഞ്ഞു. സംഭാവന വാങ്ങാൻ പാർട്ടി ചുമതലപ്പെടുത്തിയവർ ആയിരുന്നതിനാലാണ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും സിഎംആർഎൽ കമ്പനി മേധാവികളിൽ നിന്ന് പണം വാങ്ങിയതെന്നും വി ഡി സതീശൻ ന്യായീകരിച്ചു. ശശിധരൻ കർത്ത കള്ളക്കടത്ത് നടത്തുന്നയാൾ അല്ല, നാട്ടിലെ ഒരു വ്യവസായി ആണ്. അങ്ങനെ ഒരാളിൽ നിന്ന് സംഭാവന വാങ്ങുന്നതിൽ എന്താണ് തെറ്റെന്നും സതീശൻ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.