Tuesday, January 7, 2025
National

മൂന്നാം തവണയും വായ്പാ നിരക്കിൽ മാറ്റമില്ല, റിപ്പോ നിരക്ക് 6.5 ശതമാനമായിത്തന്നെ തുടരും

പലിശ നിരക്കുകള്‍ തുടര്‍ച്ചയായ മൂന്നാം തവണയും മാറ്റമില്ലാതെ തുടരാന്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തില്‍ തീരുമാനം. റിപ്പോ നിരക്ക് 6.5 ശതമാനമായിത്തന്നെ തുടരും. വിലക്കയറ്റം മൂലം പൊറുതി മുട്ടുന്ന ജനങ്ങൾക്ക് ഇത് വലിയ ആശ്വാസമാകും. കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ തുടര്‍ച്ചയായി ആറു തവണ വര്‍ധിപ്പിച്ച റിപ്പോ നിരക്ക് ഏപ്രില്‍ മുതല്‍ മാറ്റമില്ലാതെ തുടരുകയാണ്. 250 അടിസ്ഥാന പോയിന്റുകളാണ് ആറു തവണയായി പലിശ നിരക്ക് കൂട്ടിയത്.

ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി തുടർച്ചയായ മൂന്നാം യോഗത്തിലും റിപ്പോ നിരക്ക് 6.50 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്താൻ ഏകകണ്ഠമായി തീരുമാനിച്ചു. സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 6.25 ശതമാനമായും മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്ക്, ബാങ്ക് റേറ്റ് എന്നിവ 6.75 ശതമാനമായും തുടരും. ആവശ്യമെങ്കിൽ തുടർ യോ​ഗങ്ങളിൽ പലിശ നിരക്ക് ക്രമീകരിക്കാനും യോ​ഗം തീരുമാനിച്ചിട്ടുണ്ട്.

ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ പണപ്പെരുപ്പം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പച്ചക്കറികളുടെ വിലക്കയറ്റം പണപ്പെരുപ്പത്തെ ബാധിച്ചിട്ടുണ്ടെന്നും ആർബിഐ ഗവർണർ. ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമായി തുടരുകയാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് സാമ്പത്തിക വെല്ലുവിളികളെ നേരിടാൻ ഇന്ത്യയ്ക്ക് കഴിയും. നമ്മുടെ സമ്പദ്‌വ്യവസ്ഥ വേഗതയിൽ വളരുന്നുണ്ടെന്നും ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്നും ആഗോള വളർച്ചയിൽ ഏകദേശം 15% സംഭാവന ചെയ്യുന്നുണ്ടെന്നും എം‌പി‌സി യോഗത്തിന് ശേഷം ശക്തികാന്ത ദാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *