Saturday, January 4, 2025
Kerala

ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് പോലെ സതീശനെയും വേട്ടയാടുന്നു; കെ.സുധാകരൻ

വി.ഡി സതീശനെതിരായ വിജിലൻസ് കേസിൽ പ്രതികരണവുമായി കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് പോലെ സതീശനെയും വേട്ടയാടുന്നു. അന്തം വിട്ട പിണറായി എന്തും ചെയ്യും. കുടില തന്ത്രങ്ങൾ കേരള സമൂഹത്തിന് ബോധ്യപ്പെട്ട സാഹചര്യത്തിൽ ഇത്തരം നെറികേടുകളിൽ നിന്ന് മുഖ്യമന്ത്രി ഇനിയെങ്കിലും പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനിടെ വി.ഡി.സതീശനെതിരെയുള്ള അന്വേഷണം തികച്ചും രാഷ്ട്രീയ പ്രേരിതമെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും,സർക്കാരിനെതിരെ സംസാരിക്കുകയും ചെയ്യുന്നവരുടെ വായടപ്പിക്കുന്ന നടപടിയുടെ ഭാഗമാണിതെന്നും കേന്ദ്രത്തിൽ
നരേന്ദ്ര മോദിയും ചെയ്യുന്നതും ഇതുതന്നെയാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഇതിൻഡിഎ പറവൂർ മണ്ഡലത്തിലെ ‘പുനർജനി’ പദ്ധതിക്കു വിദേശപണപ്പിരിവ് നടത്തിയെന്ന പരാതിയിൽ തനിക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.‍ഡി.സതീശൻ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ‘പിരിവ്’ മറയ്ക്കാനുള്ള ശ്രമമാണ് തനിക്കെതിരായ കേസെന്ന് സതീശന്‍ പരിഹസിച്ചു.

വിജിലന്‍സ് അന്വേഷണത്തിന് നിയമസഭയില്‍ വെല്ലുവിളിച്ചത് ഞാന്‍ തന്നെയാണ്. പരാതിയില്‍ കഴമ്പില്ലാത്തതിനാല്‍ മൂന്നു കൊല്ലം മുന്‍പ് മുഖ്യമന്ത്രിയടക്കം തള്ളിക്കളഞ്ഞ കേസാണിത്. യുഎസില്‍നിന്ന് മുഖ്യമന്ത്രി വിളിക്കുമ്പോള്‍ ഞാന്‍ പേടിച്ചു പോയെന്ന് പറയണം. ഞാന്‍ പേടിച്ചെന്ന് കേട്ട് മുഖ്യമന്ത്രി സമാധാനിച്ചോട്ടെ. എന്റെ വിദേശയാത്രകളെല്ലാം പൊളിറ്റിക്കൽ ക്ലിയറൻസ് നേടിയാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവരാണ് എനിക്കെതിരെ ഗൂഢാലോചന നടത്തുന്നത്’’– അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ പടയൊരുക്കമെന്ന് വാർത്ത കൊടുത്തത് തന്റെ നേതാക്കളെന്നും സതീശൻ പറഞ്ഞു. വിജിലൻസ് കേസും പാർട്ടിയിലെ പടയൊരുക്കവും തമ്മിൽ ബന്ധമുണ്ടന്ന് കരുതുന്നില്ല. അവർ സിപിഐഎമ്മിനൊപ്പം ഗൂ‍ഢാലോചന നടത്തിയെന്ന് വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നില്ല. മുതിർന്ന നേതാക്കൾ നിരാശരായപ്പോഴാണ് നേതൃത്വം ഞങ്ങളിലേക്ക് എത്തിയത്. നീതി പൂർവമായിരുന്നു ഓരോ ചുവടും. നേതൃത്വത്തിന് ചില മുൻഗണനകളുണ്ട്. കോൺഗ്രസിൽ എല്ലാവരും ആത്മപരിശോധന നടത്തണം. തിരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണ് കോൺഗ്രസ്. ഇത് അനുകൂല സാഹചര്യമാണ്. ആരോടും വഴക്കിടാനോ മറുപടി പറയാനോ ഇല്ല. പ്രവർത്തകരുടെ പിന്തുണയുണ്ട്’’– അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *