Tuesday, January 7, 2025
Kerala

സഹപാഠി ലഹരിമരുന്ന് നൽകിയാണ് പീഡിപ്പിച്ചത്, ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ട 11 പെണ്‍കുട്ടികളെ തനിക്കറിയാം, കണ്ണൂരിലെ ഒൻപതാം ക്ലാസുകാരി

കണ്ണൂർ: സഹപാഠി ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഒന്‍പതാം ക്ലാസുകാരി.സഹപാഠി ലഹരിമരുന്നിന് അടിമയാക്കിയ ശേഷമാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ട പതിനൊന്ന് പെണ്‍കുട്ടികളെ തനിക്കറിയാമെന്നും, ഇനി മറ്റൊരാള്‍ക്കും ഈ ഗതിയുണ്ടാകരുതെന്നും ഒന്‍പതാം ക്ലാസുകാരി പറഞ്ഞതായി ഒരു സ്വകാര്യ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു.

സഹപാഠി പ്രണയം നടിച്ച്‌, മാനസിക സമ്മര്‍ദം കുറയ്ക്കാമെന്ന് പറഞ്ഞ് എം ഡി എം എ അടക്കമുള്ള ലഹരി വസ്തുക്കള്‍ ആദ്യം സൗജന്യമായി നല്‍കി. ലഹരിക്ക് അടിമയായിക്കഴിഞ്ഞാല്‍ പണത്തിനായി ശരീരം വില്‍ക്കാന്‍ പ്രോത്സാഹിപ്പിക്കും. ഇതിനുസമ്മതിക്കാത്തവരെ മര്‍ദിക്കുമെന്നും പെണ്‍കുട്ടി പറയുന്നു. പലതവണയാണ് പീഡിപ്പിക്കപ്പെട്ടതെന്നും കുട്ടി വ്യക്തമാക്കി.

ലഹരിക്ക് അടിമയായതോടെ ആത്മഹത്യാ പ്രവണതയുണ്ടായി. മാതാപിതാക്കളുടെ കരുതലിലാണ് കുട്ടി രക്ഷപ്പെട്ടത്. കൗണ്‍സലിംഗിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം തുറന്നുപറഞ്ഞത്. മാതാപിതാക്കളുടെ പരാതിയില്‍ കുട്ടിയുടെ സഹപാഠിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജുവൈനല്‍ ഹോമില്‍ നിന്ന് കുട്ടിയെ പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു. ഇവര്‍ക്ക് പിന്നില്‍ വലിയ ലഹരി മാഫിയകളാണെന്ന് കുടുംബം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *