രണ്ടുവർഷത്തിനിടെ 65 പാലങ്ങൾ പൂർത്തിയാക്കി: മന്ത്രി റിയാസ്
സർക്കാർ അധികാരത്തിൽ വന്ന് രണ്ടുവർഷം കഴിഞ്ഞപ്പോൾ 65 പുതിയ പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ്. 100 പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടത്. വയോജനങ്ങൾക്കും കുട്ടികൾക്കുമുള്ള പാർക്ക്, ടർഫ് ഗ്രൗണ്ട് തുടങ്ങിയവ നിർമിക്കാൻ പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
2023–-24 വർഷത്തിനുള്ളിൽ ഇവ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇന്നലെ പാലക്കാട് ജില്ലയിലെ തരൂർ നിയോജക മണ്ഡലത്തിലെ അരങ്ങാട്ടുകടവ്, കൊളയക്കാട്, മണിയമ്പാറ എന്നീ മൂന്ന് പാലങ്ങൾ നാടിന് സമർപ്പിച്ചുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ആലുവയിലെ കാലടി പാലത്തിന് 1.8 കോടിയും കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ കാക്കടവ് പാലത്തിന് 52 ലക്ഷം രൂപയും തിരുവനന്തപുരം ജില്ലയിലെ വർക്കല കുരുനിലക്കോട് പാലത്തിന് 23 ലക്ഷം രൂപയും അനുവദിച്ചു.
പട്ടികവർഗ പിന്നാക്ക ജനവിഭാഗങ്ങളുള്ള മേഖലകളിൽ പശ്ചാത്തല സൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പൈലറ്റ് പദ്ധതിയിൽ ആദ്യ പാലം മലപ്പുറം ജില്ലയിലെ നിലമ്പൂർ മണ്ഡലത്തിൽ നടപ്പാക്കും.
പോത്തുകൽ -ഇരുട്ടു കുത്തി എന്നീ കോളനികളിലേക്കുള്ള പാലമാണ് നിർമിക്കുക. ഇതിനായി 5.76 കോടി രൂപ അനുവദിച്ചു. പ്രവൃത്തി ഈ വർഷം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.