ഏക സിവിൽ കോഡിനെതിരെ പ്രതിഷേധം; വിവിധ മതമേലധ്യക്ഷന്മാരെ പങ്കെടുപ്പിച്ച് യുഡിഎഫിന്റെ ബഹുസ്വരതാ സംഗമം
ഏക സിവിൽ കോഡിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ യുഡിഎഫ് ഏകോപനസമിതിയിൽ തീരുമാനം. ജൂലൈ 29ന് തിരുവനന്തപുരത്ത് വച്ച് ബഹുസ്വരതാ സംഗമം സംഘടിപ്പിക്കും. വിവിധ മതമേലധ്യക്ഷന്മാരെ പങ്കെടുപ്പിക്കുന്ന പരിപാടിയിലേക്ക് സിപിഐഎമ്മിനെ ക്ഷണിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി.
കെപിസിസി സ്വന്തം നിലയിൽ നടത്തുന്ന പ്രതിഷേധ പരിപാടികൾക്ക് പുറമെയാണ് യുഡിഎഫിന്റെ ബഹുസ്വരത സംഗമം. മത സാമുദായിക രാഷ്ട്രീയ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടാവും തിരുവനന്തപുരത്ത് യോഗം സംഘടിപ്പിക്കുക. ഏക സിവിൽ കോഡ്, മണിപ്പൂർ കലാപം എന്നീ വിഷയങ്ങൾ ചൂണ്ടിക്കാട്ടിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനും യുഡിഎഫ് തീരുമാനിച്ചു. സിപിഐഎമ്മിനെയും എൽഡിഎഫ് മുന്നണിയിലുള്ള മറ്റാരേയും യോഗത്തിലേക്ക് ക്ഷണിക്കില്ല.
സർക്കാരിനെതിരായ വിഷയങ്ങളിലും സമരം കടുപ്പിക്കാൻ യുഡിഎഫ് തീരുമാനിച്ചു. റേഷൻ കട മുതൽ സെക്രട്ടറിയേറ്റ് വരെ എന്ന നിലയിലാവും യുഡിഎഫ് സമരം. സെപ്റ്റംബർ 4 മുതൽ 11 വരെ മണ്ഡലം ബ്ലോക്ക് തലങ്ങളിൽ സമരം നടക്കും. സെപ്റ്റംബർ 12ന് 25,000 പേരെ പങ്കെടുപ്പിച്ച് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിക്കാനും യു.ഡി.എഫ് ഏകോപനസമിതി യോഗത്തിൽ തീരുമാനമായി.