Monday, January 6, 2025
National

ഏക സിവിൽ കോഡിനെതിരെ കൂടുതൽ എതിർപ്പുകൾ, കേന്ദ്ര നീക്കം ഉപേക്ഷിക്കണമെന്ന് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി

ദില്ലി: ഏക സിവിൽകോഡുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുമ്പോൾ എതിർപ്പുമായി കൂടുതൽ സംഘടനകൾ രം​ഗത്ത്. ഏക സിവിൽ കോഡിനെതിരായ എതിർപ്പ് ശക്തമാക്കി സിഖ് സംഘടനകൾ രം​ഗത്തെത്തി. കേന്ദ്ര നീക്കം ഉപേക്ഷിക്കണമെന്ന് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി ആവശ്യപ്പെട്ടു. ഏകസിവിൽ കോഡ് ന്യൂനപക്ഷ വിരുദ്ധമാണ്. രാജ്യത്തിന്റെ ഐക്യവും വൈവിധ്യവും തകർക്കുമെന്നും ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി പറയുന്നു. അതേസമയം, ഗുലാംനബി ആസാദിന്റെ നിലപാട് ഒത്തുകളിയെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ഏക സിവിൽകോഡ് നടപ്പിലാക്കരുതെന്ന് ​ഗുലാംനബി ആവശ്യപ്പെട്ടിരുന്നു.

ഏക സിവിൽ കോഡിൽ വിദഗ്ധ സമിതി കരട് റിപ്പോർട്ട് 15ന് കൈമാറുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിദഗ്ധ സമിതി കരട് റിപ്പോർട്ട് 15ന് കൈമാറും. വിദഗ്ധ സമിതി ഒരു വട്ടം കൂടി നാളെ ദില്ലിയിൽ യോഗം ചേരുമെന്നും പുഷ്കർ സിംഗ് ധാമി പറഞ്ഞു. പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാൻ ആലോചനയുണ്ടെന്നും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി കൂട്ടിച്ചേർത്തു.

അതേസമയം, ഏക സിവിൽ കോഡിൽ നിന്ന് ചില ഗോത്രവിഭാഗങ്ങളെയും വടക്കു കിഴക്കൻ മേഖലയിലെ ക്രൈസ്തവ വിഭാഗങ്ങളെയും ഒഴിവാക്കിയേക്കും. ഗോത്രവിഭാഗങ്ങളെയും വടക്കു കിഴക്കൻ മേഖലയിലെ ക്രൈസ്തവ വിഭാഗങ്ങളെയും ഒഴിവാക്കുമെന്ന ഉറപ്പ് ആഭ്യന്തരമന്ത്രി നൽകിയെന്ന് നാഗാലാൻഡിലെ ഭരണപക്ഷ നേതാക്കൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *