ഇന്ധന, പാചക വാതക വിലവർധനവിനെതിരെ യുഡിഎഫ് കുടുംബ സത്യാഗ്രഹം നടത്തി
ഇന്ധനവില വർധനവിനെതിരെ യുഡിഎഫിന്റെ നേതൃത്വത്തിൽ കുടുംബ സത്യാഗ്രഹം നടന്നു. സംസ്ഥാനമൊട്ടാകെ യുഡിഎഫ് പ്രവർത്തകരും നേതാക്കളും രാവിലെ പത്ത് മണി മുതൽ 11 മണി വരെ വീടുകൾക്ക് മുന്നിലാണ് സത്യഗ്രഹ സമരം നടത്തിയത്
പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനവിലൂടെ കേന്ദ്രസർക്കാർ നടത്തുന്ന നികുതി കൊള്ള അവസാനിപ്പിക്കുക എന്ന പ്ലക്കാർഡേന്തിയായിരുന്നു സത്യാഗ്രഹ സമരം. ഇതൊരു സൂചന മാത്രമാണെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ സമരം ശക്തമാക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു
രാജ്യാന്തരതലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും ഇന്ധനവില കുറയ്ക്കാത്ത നടപടി പ്രതിഷേധാർഹമാണ്. പെട്രോളിയം കമ്പനികളെ കയറൂരി വിടുന്ന സമീപനമാണ് മോദി സർക്കാരിന്റേത്. ഇതിന് പുറമെയാണ് പാചക വാതകത്തിന്റെ വിലവർധന.
ആശ്വാസ പാക്കേജുകൾ പ്രഖ്യാപിച്ച് ജനങ്ങളെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട സർക്കാരുകൾ നികുതി കുറയ്ക്കാതെ അവരെ കൊള്ളയടിക്കുകയാണ്. നികുതി കുറയ്ക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകുന്നില്ലെങ്കിൽ കോൺഗ്രസും യുഡിഎഫും പ്രക്ഷോഭം കൂടുതൽ ശക്തമാക്കുമെന്നും സുധാകരൻ പറഞ്ഞു.