കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: പിഴയായി ഈ വര്‍ഷം ഈടാക്കിയത് 35 കോടിയിലധികം രൂപ
ഈ വര്‍ഷം ഇതുവരെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ലംഘനത്തിനുള്ള പിഴയായി പൊലീസ് ഈടാക്കിയത് 35 കോടിയിലധികം രൂപ. ജനുവരി ഒന്ന് മുതല്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചവരെയാണ്
ഇത്രയും പിഴ ഈടാക്കിയത്.
കേരള പകര്‍ച്ചാ വ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കോവിഡ് നിയന്ത്രങ്ങള്‍ ലംഘിച്ചാല്‍ പൊലീസ് പിഴ ചുമത്തുന്നത്. 500 മുതല്‍ 5000വരെ പിഴ ചുമത്താം. അങ്ങനെ കഴിഞ്ഞ അഞ്ചു മാസവും 8 ദിവസത്തിനുമുള്ളില്‍ പൊലീസിന് പിഴയിനത്തില്‍ കിട്ടിയത് 35,17,57,048 രൂപയാണ്. ഇപ്പോള്‍ തുടരുന്ന ലോക്ക്ഡൗണ്‍ നിയന്ത്രങ്ങളിലാണ് ഏറ്റവും കൂടുതല്‍ പിഴ പിരിച്ചത്. 1,96,31,100 രൂപയാണ് പിഴ ഈടാക്കിയത്.
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍, മാനദണ്ഡം ലംഘിച്ചുള്ള വിവാഹം, മറ്റ് ചടങ്ങുകള്‍ എന്നിവയ്ക്ക് 5000 രൂപയാണ് പൊലീസ് ചുമത്തുന്നത്.
വാഹനവുമായി അനാവശ്യമായി പുറത്തിറങ്ങിയാല്‍ 2000 രൂപയാണ് പിഴ ഈടാക്കുന്നത്. മാസ്ക്കില്ലെങ്കില്‍ 500 രൂപ. ഇങ്ങനെ പിരിച്ചു തുടങ്ങിയപ്പോഴാണ് കോടികള്‍ പൊലീസിലെത്തിയത്. ഈ പിഴ തുകയാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ഖജനാവിലേക്കെത്തുന്നത്. കോവിഡ് പ്രോട്ടോക്കാള്‍ ജനം പാലിക്കാത്തതിന്‍റെ തെളിവാണ് പിഴത്തുകയെന്നാണ് കണക്ക് നിരത്തി പൊലീസ് പറയുന്നത്. എന്നാലിപ്പോള്‍ നിസ്സാരകാര്യങ്ങള്‍ക്ക് പോലും വന്‍ തുക പിഴ ചുമത്തുന്നുണ്ടെന്ന പരാതിയും ഉയരുന്നുണ്ട്.