ഡോ.വന്ദനയുടെ കൊലപാതകത്തില്‍ ഇടപെട്ട് ഹൈക്കോടതി; 1.45ന് പ്രത്യേക സിറ്റിങ്
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടറെ കുത്തിക്കൊന്ന സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. ഉച്ചയ്ക്ക് 1.45ന് ഹൈക്കോടതിയില്‍ പ്രത്യേക സിറ്റിങ് നടത്തും. ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ബെഞ്ചാണ് സിറ്റിങിലുള്ളത്.
പൂയപ്പള്ളി ചെറുകരകോണം സ്വദേശി സന്ദീപ് ആണ് കൊലപാതകം നടത്തിയത്. നിലത്തുവീണ വന്ദനയെ തുടരെ പ്രതി കുത്തുകയായിരുന്നു. ചികിത്സയ്ക്ക് ബന്ധുവിനൊപ്പം എത്തിയ ഇയാള്‍ ലഹരിക്ക് അടിമയാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കിംസ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വന്ദന ദാസ് ഇന്ന് രാവിലെ എട്ടരയോടെയാണ് മരണത്തിന് കീഴടങ്ങിയത്.
സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഡ്യൂട്ടിക്കിടയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും. കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനാ ദാസിന്റെ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദുഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി വര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
അതേസമയം ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തിനെതിരെ നിയമം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആക്രമണങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കും. ആക്രമണങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാവരുതെന്ന് പൊതുസമൂഹത്തോട് അഭ്യര്‍ത്ഥിക്കുകയാണ്. എല്ലാവരും ഇതിനെതിരെ പ്രതിരോധം തീര്‍ക്കണമെന്നും മന്ത്രി പറഞ്ഞു.