സംസ്ഥാനം വില കൊടുത്തു വാങ്ങുന്ന വാക്‌സിന്റെ ആദ്യ ബാച്ച് കൊച്ചിയിലെത്തി
സംസ്ഥാനം വില കൊടുത്തു വാങ്ങുന്ന കൊവിഷീൽഡ് വാക്‌സിന്റെ ആദ്യ ബാച്ച് കൊച്ചിയിലെത്തി. മൂന്നര ലക്ഷം ഡോസാണ് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. വാക്‌സിൻ മഞ്ഞുമ്മലിലെ കേരളാ മെഡിക്കൽ സർവീസസ് കോർപറേഷന്റെ മേഖലാ വെയർ ഹൗസിലേക്ക് മാറ്റി
ഓരോ ജില്ലയ്ക്കും എത്ര ഡോസ് വീതമാണ് നൽകുകയെന്നത് ആരോഗ്യവകുപ്പ് തീരുമാനിക്കും. അതിന് ശേഷം ഓരോ ജില്ലയ്ക്കുമുള്ളത് ഇവിടെ നിന്നും വിതരണം ചെയ്യും.
ഒരു കോടി ഡോസ് വാക്‌സിനാണ് കേരളം മരുന്ന് നിർമാതാക്കളിൽ നിന്നും നേരിട്ട് വാങ്ങുന്നത്. 18-45 വയസ്സിനിടയിൽ പ്രായമുള്ളവർക്ക് സൗജന്യ വാക്‌സിൻ നൽകില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. എന്നാൽ സംസ്ഥാനം ജനങ്ങൾക്ക് സഹായകരമായി പ്രവർത്തിക്കുന്നതിന്റെ ഭാഗമായി നേരിട്ട് വാങ്ങുകയും സൗജന്യമായി തന്നെ ജനങ്ങൾക്ക് നൽകാനുമാണ് തീരുമാനിച്ചിരിക്കുന്നത്.