വിചാരധാരയിലുള്ളത് 1940, 1950 കാലഘട്ടത്തിൽ പറഞ്ഞ കാര്യങ്ങളാണ്,ഇപ്പോള്‍ പ്രസക്തിയില്ല; എംടി രമേശ്
മന്ത്രി പി എ മുഹമ്മദ് റിയാസിന് മറുപടിയുമായി എം ടി രമേശ്. വിചാരധാരയിലുള്ളത് 1940, 1950 കാലഘട്ടത്തിൽ പറഞ്ഞ കാര്യങ്ങളാണ്. വീട് സന്ദർശനത്തിന് എന്ത് ചോദിക്കണമെന്ന് തീരുമാനിക്കുന്നത് പി എ മുഹമ്മദ് റിയാസല്ല. ക്രൈസ്‌തവ സഭാ നേതൃത്വത്തെ ഭീഷണിപ്പെടുത്താൻ കോൺഗ്രസും സിപിഐഎമ്മും ശ്രമിക്കുന്നു.
ഇപ്പോള്‍ പറഞ്ഞതിന് പ്രസക്തിയില്ല. വിചാരധാര മന്ത്രി റിയാസ് കെട്ടിപിടിച്ച് നടക്കട്ടെയെന്ന് എംടി രമേശ് പറഞ്ഞു. ക്രിസ്ത്യന്‍ വിഭാഗവും രാജ്യത്തിന്റെ ശത്രുക്കളാണെന്ന് പറയുന്ന ആര്‍എസ്എസിന്റെ അടിസ്ഥാന ഗ്രന്ഥമായ വിചാരധാരയെ ബിജെപി തള്ളിപ്പറയുമോയെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദ് റിയാസ് ചോദിച്ചത്. ഇതിനാണ് എംടി രമേശിന്റെ മറുപടി.
ബിജെപിയുടെ ഈസ്റ്റര്‍ ദിനത്തിലെ വീട് സന്ദര്‍ശനത്തെ എല്‍ഡിഎഫും യുഡിഎഫും ഭയക്കുകയാണെന്നും എംടി രമേശ് പറഞ്ഞു. കേരളത്തിലെ എല്ലാ രാഷ്ട്രീയ നേതാക്കളും അരമനകളില്‍ പോകാറുണ്ട്. പക്ഷേ, ബിജെപി നേതാക്കള്‍ പോകുമ്പോള്‍ പ്രശ്‌നമുണ്ടാക്കുകയാണ്. സന്ദര്‍ശനത്തോട് സഭാ നേതൃത്വത്തിനും ക്രൈസ്തവ വിശ്വാസികള്‍ക്കും എതിര്‍പ്പില്ലെന്നും എംടി രമേശ് പറഞ്ഞു.