Tuesday, January 7, 2025
Kerala

കൊച്ചിയിലെ സിനിമാ ദമ്പതികൾക്ക് ഫൈസൽ ഫരീദുമായി ബന്ധം: എംടി രമേശ്

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ ഫൈസല്‍ ഫരീദ് ചില മലയാള സിനിമകള്‍ക്ക് വേണ്ടി പണം മുടക്കിയതായുളള സൂചനകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിറകെ ചില മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവ് എംടി രമേശ്.

മലയാളത്തിലെ സിനിമാക്കാരായ ദമ്പതിമാര്‍ക്ക് ഫൈസല്‍ ഫരീദുമായി ബന്ധമുണ്ട് എന്നാണ് എംടി രമേശിന്റെ ആരോപണം. ഇടത് സഹയാത്രികരായ കൊച്ചിയിലെ സിനിമാ ദമ്പതിമാര്‍ക്കാന്‍ ഫൈസല്‍ ഫരീദുമായി ബന്ധം എന്ന് എംടി രമേശ് കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇക്കാര്യത്തില്‍ പ്രമുഖ സിനിമാ സംഘടനയായ അമ്മ മറുപടി പറയണം എന്നും എംടി രമേശ് ആവശ്യപ്പെട്ടു.

പഴയതലമുറയിലെ ഒരു പ്രമുഖ സംവിധായകനുമായും ഫൈസല്‍ ഫരീദിന് അടുത്ത ബന്ധമുണ്ട്. ചില സംവിധായകര്‍ ഫൈസല്‍ ഫരീദിന്റെ ബിനാമികളാണെന്നും ആരോപിക്കപ്പെടുന്നു. സിനിമാ ദമ്പതികളുടെ ഫോര്‍ട്ട് കൊച്ചിയിലെ സ്ഥാപനത്തില്‍ ഫൈസല്‍ ഫരീദ് സന്ദര്‍ശകനാണെന്നും എംടി രമേശ് ആരോപിച്ചു.
കള്ളപ്പണം വെളുപ്പിക്കാനുളള ഇടമായി മലയാള സിനിമാ രംഗം മാറിയിരിക്കുകയാണ്. ഇതേക്കുറിച്ച് വ്യക്തമായ അന്വേഷണം നടക്കണം എന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എംടി രമേശ് ആവശ്യപ്പെട്ടു. ഇടതുപക്ഷത്തേയും സംസ്ഥാന സര്‍ക്കാരിലെ ഒരു മന്ത്രിയേയും പുകഴ്ത്തുന്ന തരത്തില്‍ അടുത്ത കാലത്തായി പുറത്തിറങ്ങിയ സിനിമകള്‍ സ്വര്‍ണ്ണക്കടത്ത് പണം ഉപയോഗിച്ച് നിര്‍മ്മിച്ചവയാണെന്നും ആരോപണമുണ്ടെന്നും എംടി രമേശ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *