ആത്മഹത്യയിൽ അഭയം പ്രാപിക്കുന്ന ഭീരുവല്ല താനെന്ന് സ്പീക്കർ; വ്യാജ പ്രചാരണം നടത്തുന്നവർ പരാജയപ്പെടും
ആത്മഹത്യക്ക് ശ്രമിച്ചെന്ന പ്രചാരണം നിഷേധിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ആത്മഹത്യയിൽ അഭയം പ്രാപിക്കുന്ന ഭീരുവല്ല താനെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അദ്ദേഹം പറഞ്ഞു.
ഒരു ആത്മഹത്യയുടെ മുമ്പിലും അഭയം പ്രാപിക്കുന്ന ഒരാളല്ല ഞാൻ. അത്ര ഭീരുവല്ല, ഏത് അന്വേഷണ ഏജൻസികൾക്ക് മുന്നിലും ആവശ്യമായ വിവരങ്ങൾ നൽകാമെന്ന് നേരത്തെ വ്യക്തമാക്കിയതാണ്.
രക്തം കുടിക്കുന്ന ഡ്രാക്കുളയുടെ മനോഭാവത്തോടു കൂടി എന്റെ മരണം പോലും ആഗ്രഹിക്കുന്ന തരത്തിലാണ് പ്രചാരണം കൊണ്ടുവരുന്നത്. വ്യാജപ്രചാരണം നടത്തുന്നവർ പരാജയപ്പെടും. എന്റെ പ്രസ്ഥാനത്തിന്റെ കരുത്തിലും വീറിലുമാണ് ഞാൻ നിൽക്കുന്നത്. ഇത്തരം പ്രചാരണങ്ങളിൽ ആരും വിശ്വസിക്കരുതെന്നും സ്പീക്കർ വീഡിയോയിൽ പറഞ്ഞു.