Sunday, January 5, 2025
Kerala

ലോക പാര്‍ക്കിന്‍സണ്‍സ് ദിനത്തില്‍ പതിനഞ്ചാം ഡി ബി എസ് സര്‍ജറി പൂര്‍ത്തിയാക്കി

 

കോഴിക്കോട് : പാര്‍ക്കിന്‍സണ്‍സ് ചികിത്സാ രംഗത്ത് ഏറ്റവും വലിയ പരിവര്‍ത്തനം എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന ഡി ബി എസ് (ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍) കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. ചുരുങ്ങിയ കാലയളവിനുള്ളിലെ പതിനഞ്ചാമത്തെ ഡി ബി എസ് ശസ്ത്രക്രിയയാണ് ലോക പാര്‍ക്കിന്‍സണ്‍സ് ദിനം കൂടിയായ ഏപ്രില്‍ 11ൻ്റെ തലേ ദിവസമായ ശനിയാഴ്ച പൂര്‍ത്തീകരിച്ചത് എന്ന പ്രത്യേകത കൂടിയുണ്ട്.

ഡോപ്പാമിന്‍ എന്ന ന്യൂറോ ട്രാന്‍സ്മിറ്റര്‍ ഉത്പാദിപ്പിക്കുന്ന തലച്ചോറിലെ ഡോപ്പമിന്‍ കോശങ്ങള്‍ പ്രവര്‍ത്തന രഹിതമാകുമ്പോഴാണ് പാര്‍ക്കിന്‍സണ്‍സ് എന്ന രോഗമുണ്ടാകുന്നത്. ശക്തമാ വിറയലും, ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടലുമെല്ലാം കാലക്രമേണ രോഗിയില്‍ വര്‍ദ്ധിച്ച് വരികയും ദൈനംദിന ജീവിതം തന്നെ ദുഷ്‌കരമായി മാറുകയും ചെയ്യും. സമീപ കാലം വരെ ഫലപ്രദമായ ചികിത്സയില്ലാതിരുന്ന അസുഖമായിരുന്നു പാര്‍ക്കിന്‍സണ്‍സ്. എന്നാല്‍ ഡി ബി എസ് എന്ന നൂതന രീതിയുടെ വരവോടെ പാര്‍ക്കിന്‍സണ്‍സ് രോഗികളുടെ ദുരിതത്തില്‍ വലിയ മാറ്റമുണ്ടാവുകയും അവരുടെ ദൈനംദിന ജീവിത നിലവാരം നല്ല രീതിയില്‍ ഉയരുകയും ചെയ്തു എന്നത് പ്രതീക്ഷാനിര്‍ഭരമാണ്.

രണ്ട് ഘട്ടങ്ങളിലായാണ് ഡി ബി എസ് നിര്‍വ്വഹിക്കുന്നത്. തലച്ചോറിലേക്ക് രണ്ട് നേരിയ ഇലക്ട്രോഡുകള്‍ സന്നിവേശിപ്പിക്കുന്നതാണ് ആദ്യ ഘട്ടം. തുടര്‍ന്ന് നെഞ്ചിലെ പേശികളില്‍ ഒരു ചെറിയ ഉപകരണം ഘടിപ്പിക്കുകയും ഇതിനെ ഇലക്ട്രോഡുമായി ബന്ധിപ്പിക്കുകയും ചെയ്യും. ഇതില്‍ കൈമാറ്റം ചെയ്യപ്പെടുന്ന വൈദ്യുതി തലച്ചോറിലെ കോശങ്ങളെ ഉദ്ദീപിപ്പിച്ച് ഡോപ്പമിന്റെ അപര്യാപ്തത മൂലം സംഭവിച്ചിരിക്കുന്ന രോഗാവസ്ഥയെ മറികടക്കുകയുമാണ് ചെയ്യുന്നത്.

നിലവില്‍ ഉത്തര കേരളത്തില്‍ ഡി ബി എസ് ശസ്ത്രക്രിയാ സൗകര്യമുള്ള ഏക ഹോസ്പിറ്റല്‍ കോഴിക്കോട് ആസ്റ്റര്‍ മിംസാണ്. ആതുര സേവനരംഗത്ത് ഏറെ പ്രശസ്തമായ മംഗലാപുരത്ത് പോലും ഡി ബി എസ് സൗകര്യമില്ലാത്തതിനാല്‍ രോഗികള്‍ കോഴിക്കോടിനെ ആശ്രയിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതും വലിയ മാറ്റമായി വിലയിരുത്തപ്പെടുന്നു. പത്രസമ്മേളനത്തില്‍ ആസ്റ്റര്‍ മിംസ് സി ഇ ഒ ഫര്‍ഹാന്‍ യാസിന്‍, മൂവ്മെന്റ് ഡിസ് ഓര്‍ഡര്‍ സ്പെഷ്യലിസ്റ്റ് ഡോ. സുജിത്ത് ഓവലത്ത്, ന്യൂറോസയന്‍സസ് വിഭാഗം മേധാവി ഡോ. ജേക്കബ് ആലപ്പാട്ട്, ഡോ. നൗഫല്‍ ബഷീര്‍ (ഡെപ്യൂട്ടി ചീഫ് ഓഫ് മെഡിക്കല്‍ സര്‍വ്വീസസ്), ഡോ. ജിം മാത്യു (ഡി ബി എസ് സര്‍ജന്‍), ഡോ. സച്ചിന്‍ സുരേഷ്ബാബു (കണ്‍സല്‍ട്ടന്റ് ന്യൂറോളജിസ്റ്റ്) എന്നിവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *