സഭാ തര്‍ക്കം പരിഹരിക്കാനുള്ള നിയമനിര്‍മാണം: സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭ
സഭാ തര്‍ക്കം പരിഹരിക്കാനുള്ള സര്‍ക്കാര്‍ നിയമനിര്‍മാണത്തിനെതിരെ എതിര്‍പ്പ് പ്രകടമാക്കി ഓര്‍ത്തഡോക്‌സ് സഭ. സഭാ തര്‍ക്കം പരിഹരിക്കാനുള്ള നിയമനിര്‍മാണം സുപ്രിംകോടതി വിധി ആട്ടിമറിക്കുന്നതാണെന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാട്. സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുന്ന സമയത്ത് സഭാ വിഷയം ഉയര്‍ത്തി ശ്രദ്ധ തിരിക്കാന്‍ ശ്രമമെന്ന് സംശയിച്ചാല്‍ തെറ്റില്ല. സര്‍ക്കാര്‍ പുനപരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിന് തയാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും ഓര്‍ത്തഡോക്‌സ് സഭ അറിയിച്ചു.
ഓര്‍ത്തഡോക്‌സ് സഭയുടെ അടിയന്തിര സുന്നഹദോസ് യോഗം ഇന്ന് കോട്ടയത്ത് ചേരുകയാണ്. സഭാ മാനേജ്‌മെന്റ് കമ്മിറ്റിയും ഇന്ന് വിളിച്ചുചേര്‍ത്തിരുന്നു. സര്‍ക്കാര്‍ നിയമനിര്‍മാണവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാനാണ് യോഗങ്ങള്‍ വിളിച്ചുചേര്‍ത്തത്.
ഇരുവിഭാഗങ്ങളുടെയും ആരാധന സ്വാതന്ത്രം ഉറപ്പാക്കുക എന്നതാണ് നിയമനിര്‍മാണത്തിലൂടെ സര്‍ക്കാര്‍ നോട്ടമിടുന്നത്. ഇരുവിഭാഗങ്ങളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് നിയമനിര്‍മ്മാണം എന്ന ആശയത്തിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്. വിഷയവുമായി ബന്ധപ്പെട്ട ബില്ലിന്റെ കരടിന് ഇടതു മുന്നണി അംഗീകാരം നല്‍കിയിരുന്നു. മന്ത്രി പി രാജീവാണ് ഇടതുമുന്നണി യോഗത്തില്‍ ബില്ലിന്റെ കരട് അവതരിപ്പിച്ചത്.