Saturday, January 4, 2025
Kerala

സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ റിസോർട്ട് വിവാദം ഉന്നയിച്ചു: ഇ.പി ജയരാജൻ

സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ റിസോർട്ട് വിവാദം ഉന്നയിച്ചെന്ന് സ്ഥിരീകരിച്ച് ഇ.പി ജയരാജൻ. അഴിമതി ആരോപണം എന്ന നിലയിലല്ല, സ്വകാര്യ കമ്പനിയെ സഹകരണ സ്ഥാപനത്തെ പോലെ സഹായിക്കാൻ പാടുണ്ടോ എന്ന സംശയമാണ് പി ജയരാജൻ ഉന്നയിച്ചത്. റിസോർട്ട് മുൻ എം. ഡി രമേഷ്കുമാർ പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും സമകാലിക മലയാളം വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇ. പി വ്യക്തമാക്കി.

കണ്ണൂരിലെ വൈദേകം റിസോർട്ടിൽ ഇ. പി ജയരാജനുള്ള പങ്കാളിത്തത്തെ ചൊല്ലി സംസ്ഥാന കമ്മിറ്റിയിൽ ചർച്ചകളുണ്ടായില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദനടക്കമുള്ള നേതാക്കളുടെ പ്രതികരണം. എന്നാൽ കമ്മിറ്റിയിൽ പി. ജയരാജൻ ആരോപണം ഉന്നയിച്ചുവെന്ന് സമ്മതിക്കുകയാണ് ഇ. പി ജയരാജൻ. അഴിമതി ആരോപണം എന്ന നിലയിലല്ല, സ്വകാര്യ കമ്പനിയെ സഹകരണ സ്ഥാപനത്തെ പോലെ സഹായിക്കാൻ പാടുണ്ടോ എന്ന സംശയമാണ് പി. ജയരാജൻ മുന്നോട്ടുവെച്ചത്. പി. ജയരാജൻ തന്നെ അഴിമതി ആരോപണം നിഷേധിച്ചുവെന്നും ഇ. പി അഭിമുഖത്തിൽ പറയുന്നു.

ആരോപണത്തിന് പിന്നിൽ ആരുടെയെങ്കിലും പ്രേരണയുണ്ടോ എന്ന ചോദ്യത്തിന് പി. ജയരാജനുമായി റിസോർട്ട് മുൻ എം ഡി രമേഷ് കുമാർ സംസാരിച്ചിട്ടുണ്ടെന്നാണ് ഇ. പിയുടെ മറുപടി. സ്ഥാപനത്തിൽ വീണ്ടും ആധിപത്യം തിരിച്ചുപിടിക്കുകയാണ് രമേശഷിന്റെ ലക്ഷ്യം. നിയമപരമായി ഒന്നും കിട്ടുന്നില്ല എന്ന് വന്നപ്പോഴാണ് തൻറെ പേര് വലിച്ചിഴച്ചതെന്നും ഇ. പി ജയരാജൻ പ്രതികരിച്ചു. വൈദേകം പ്രൈവറ്റ് കമ്പനിയാണെന്നും അതിനെ സഹായിക്കുന്നതിൽ തെറ്റില്ലെന്നും അഭിമുഖത്തിൽ ഇപി വിശദീകരിക്കുന്നുണ്ട്. റിസോര്ട്ടിൽ ഇപി ജയരാജന് ഓഹരി ഇല്ലെന്നും സ്വകാര്യ സ്ഥാപനത്തിൻറെ കാര്യത്തിൽ പാർട്ടി ഇടപെട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ പറഞ്ഞു.

കുടുംബത്തിൻറെ ഓഹരി ഒഴിവാക്കിയതോടെ പാർട്ടി തലത്തിലുള്ള പരിശോധനയും നടപടിയും ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ഇ. പി ജയരാജൻ.

Leave a Reply

Your email address will not be published. Required fields are marked *