Saturday, January 4, 2025
Kerala

പ്രായപൂര്‍ത്തീയാകാത്ത ആണ്‍കുട്ടിയ്ക്ക് നേരെ പീഡനം; മദ്രസാ അധ്യാപകന് 53 വര്‍ഷം കഠിന തടവ്

കുന്നംകുളത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 53 വര്‍ഷം കഠിന തടവും 60000രൂപ പിഴയും ശിക്ഷ. 2019 ജനുവരി മാസം മുതല്‍ പഴുന്നാനയിലും പന്നിത്തടത്തെ മദ്രസയിലും വച്ച് തുടര്‍ച്ചയായി പലതവണ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയ്‌ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസിലാണ് ഇപ്പോള്‍ വിധിയുണ്ടായിരിക്കുന്നത്.സിദ്ധിക്ക് ബാകവി എന്ന മദ്രസാ അധ്യാപകനാണ് ശിക്ഷ. ഇയാള്‍ക്ക് 43 വയസാണ്.

കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് ലിഷ. എസ് ആണ് വിധി പ്രഖ്യാപിച്ചത്. വിദ്യാലയങ്ങളിലും, മത പഠന കേന്ദ്രങ്ങളിലും കുട്ടികളുടെ രക്ഷാകര്‍ത്താവായി പ്രവര്‍ത്തിക്കേണ്ടവരായ അദ്ധ്യാപകരുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതും ചോദ്യം ചെയ്യപ്പെടേണ്ടതുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

പീഡനത്തിന് ഇരയായ ആണ്‍കുട്ടി സ്‌കൂളില്‍ ക്ലാസ് സമയത്ത് ഉറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് രാത്രി വൈകിയ സമയങ്ങളില്‍ ഉള്‍പ്പെടെയുള്ള മദ്രസ അദ്ധ്യാപകന്റെ പീഡന വിവരങ്ങള്‍ കുട്ടി സ്‌കൂളിലെ അദ്ധ്യാപകരോട് പറഞ്ഞത്. ഇതിനെ തുടര്‍ന്ന് മാതാപിതാക്കളെ അധ്യാപകര്‍ ഇക്കാര്യം അറിയിക്കുകയും തുടര്‍ന്ന് കുട്ടിയും മാതാപിതാക്കളും ചേര്‍ന്ന് കുന്നംകുളം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *