Thursday, January 23, 2025
Kerala

വളപട്ടണം ഐഎസ് കേസ്; ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി

വളപട്ടണം ഐഎസ് കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. കേസിൽ എൻഐഎ കോടതി മൂന്ന് പ്രതികൾക്കാണ് തടവുശിക്ഷ നൽകിയിരുന്നത്. ഈ വിധിക്കെതിരെ പ്രതികൾ ഹൈക്കോടതിൽ നൽകിയ അപ്പീലാണ് കോടതി തള്ളിയത്.

ഒന്നും അഞ്ചും പ്രതികളായ കണ്ണൂർ മുണ്ടേരി മിദ്‌ലാജ് (31), തലശേരി സ്വദേശി യു കെ ഹംസ എന്ന ബിരിയാണി ഹംസ (61) എന്നിവർക്ക് ഏഴുവർഷം കഠിനതടവും 50,000 രൂപ വീതം പിഴയും രണ്ടാം പ്രതി ചെക്കികുളം സ്വദേശി അബ്ദുൽ റസാഖിന് (28) ആറുവർഷം കഠിന തടവും 40,000 രൂപ പിഴയുമാണ് എറണാകുളം പ്രത്യേക എൻഐഎ കോടതി ശിക്ഷയായി വിധിച്ചത്.

ഐഎസിനു വേണ്ടി പോരാടാൻ സിറിയയിലേക്ക് യുവാക്കളെ കടത്താൻ ശ്രമിച്ചുവെന്ന് കണ്ടെത്തിയാണ് ദേശീയ അന്വേഷണ ഏജൻസി പ്രതികൾക്കെതിരെ കുറ്റം ചുമത്തിയത്. കൊച്ചി എൻഐഎ കോടതി തന്നെയാണ് പ്രതികൾ കുറ്റം ചെയ്തതതായി കണ്ടെത്തിയത്. വിചാരണ വേളയിലും ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതികൾ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ 5 വർഷമായി ജയിലിലാണെന്നും ഈ കാലയളവ് ശിക്ഷയിൽ കുറച്ച് നൽകണമെന്നുമാണ് പ്രതികൾ അന്നും ആവശ്യപ്പെട്ടിരുന്നത്. അതും കോടതി പരി​ഗണിച്ചിരുന്നില്ല.

കണ്ണൂരിൽ നിന്ന് ഏകദേശം 15ൽ ഏറെ പേർ ഐഎസിൽ ചേർന്നെന്ന കേസിൽ ആദ്യം ലോക്കൽ പൊലീസാണ് അന്വേഷണം നടത്തിയത്. കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. ഭീകരസംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന് പ്രതികൾ ഗൂഢാലോചന നടത്തിയെന്നും സിറിയയിൽ പോകുന്നതിന് പദ്ധതിയിട്ടെന്നുമാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *