കളമശേരി ബസ് കത്തിക്കൽ കേസ്; മൂന്ന് പ്രതികൾക്ക് തടവ് ശിക്ഷ വിധിച്ച് എൻഐഎ കോടതി
കളമശേരി ബസ് കത്തിക്കൽ കേസിൽ മൂന്ന് പ്രതികൾക്ക് തടവ് ശിക്ഷ വിധിച്ച് എൻഐ എ കോടതി. തടിയന്‍റവിട നസീറിനും, സാബിർ ബുഹാരിക്കും ഏഴുവർഷം തടവും താജുദീന് ആറുവർഷം തടവുമാണ് വിധിച്ചത്.താജുദീന് ആറുവർഷം തടവ്.റിമാൻഡ് കാലാവധി ശിക്ഷാകാലാവധിയായി പരിഗണിക്കും.കുറ്റക്കാർക്ക് പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. തടിയന്‍റവിട നസീറിന് 1,75,000 രൂപയാണ് പിഴ. സാബിർ 1,75,000 രൂപയും താജുദ്ദീൻ 1,10,000 രൂപയുമാണ് പിഴ.
കളമശേരി ബസ് കത്തിക്കൽ കേസിൽ തടിയന്‍റവിട നസീർ അടക്കം മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കൊച്ചിയിലെ എൻഐഎ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കേസിൽ പ്രതികളായ തടിയന്‍റവിട നസീർ, സാബിർ ബുഹാരി, താജുദ്ദീൻ എന്നിവരെയാണ് കുറ്റക്കാരെന്ന് കൊച്ചിയിലെ എൻഐഎ കോടതി കണ്ടെത്തിയത്. കുറ്റം സമ്മതിക്കുന്നതായി മൂന്ന് പ്രതികളും അറിയിച്ചതോടെയാണ് വിസ്താരം പൂർത്തിയാക്കാതെ വിധി പ്രസ്താവിച്ചത്.
തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട് കോർപറേഷന്‍റെ ബസ് 2005 സെപ്റ്റബർ 9 ന് തട്ടിക്കൊണ്ടുപോയി കളമശേരിയിൽ വെച്ച് കത്തിച്ചെന്നാണ് കേസ്. യാത്രക്കാരെ ഇറക്കിവിട്ടശേഷം ബസ് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. 2010 ലാണ് അബ്ദുൾ നാസർ മഅദനിയുടെ ഭാര്യ സൂഫിയ മഅദനിയടക്കം 13 പേരെ പ്രതികളാക്കി എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ഈ കേസിന്‍റെ വിസ്താരം പൂർത്തായാകും മിൻപേ തന്നെ തടിയന്‍റവിട നസീർ അടക്കമുളള മൂന്ന് പ്രതികൾ തങ്ങൾ കുറ്റമേൽക്കുന്നതായി കോടതിയെ അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ വിധി.