വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീൻ അന്തരിച്ചു
കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീൻ (78) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് മരണം. 1991 മുതൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റാണ്.
ഭാരത് വ്യാപാരസമിതി അംഗം, വാറ്റ് ഇംപലിമെന്‍റേഷൻ കമ്മിറ്റി മെമ്പർ, വ്യാപാരി ക്ഷേമ നിധി വൈസ് ചെയർമാൻ, കേരള മർക്കന്‍റയിൽ ബാങ്ക് ചെയർമാൻ ഷോപ് ആന്‍റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമ നിധി ബോർഡ് മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്
1944 ഡിസംബർ 25 ന് കോഴിക്കോട് കൂടാരപ്പുരയിൽ ടി.കെ മുഹമ്മദിന്‍റെയും അസ്മാബിയുടെയും ആറാമത്തൈ മകനായി ജനിച്ചു. ഹിദായത്തുൽ ഇസ്ലാം എൽ.പി. സ്കൂൾ, മലബാർ ക്രിസ്ത്യൻ കോളജ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠനം കഴിഞ്ഞ് വ്യാപാരമേഖലയിലേക്ക് കടന്നു. മിഠായിത്തെരുവിലെ ബ്യൂട്ടി സ്റ്റോഴ്സ് ഉടമയായിരുന്നു.
1980ൽ മലബാർ ചേംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറിയായാണ് സംഘടനപ്രവർത്തനത്തിന് തുടക്കം. 1984ൽ വ്യവസായി ഏകോപന സമിതിയുടെ ജില്ല പ്രസിഡന്‍റ് ആയി. 1985ൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി. കേരളത്തിൽ വ്യാപാരികളുടെ അവകാശപ്പോരാട്ടങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിയ അനിഷേധ്യ നേതാവാണ് ടി. നസിറുദ്ദീൻ.