കോവിഡിന്റെ വ്യാപന സാധ്യത കുറവ്; കുറച്ചുനാൾകൂടി ജാഗ്രത വേണം: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ഇനി വലിയ തോതിൽ വർധിക്കാനുള്ള സാഹചര്യമില്ലെന്നും എല്ലാവരും കുറച്ചുനാൾ കൂടി ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ്-19 ഒന്നും രണ്ടും തരംഗത്തിലുള്ള സ്ട്രാറ്റജിയല്ല മൂന്നാം തരംഗ ഘട്ടത്തിൽ സംസ്ഥാനം സ്വീകരിച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാം തരംഗത്തിലെ ഡെൽറ്റാ വകഭേദത്തിനു തീവ്രത കൂടുതലായിരുന്നു. ഒമിക്രോൺ വകഭേദത്തിനു വ്യാപന ശേഷി കൂടുതലാണെങ്കിലും തീവ്രത കുറവാണ്. ജനുവരി ഒന്നിനാണ് മൂന്നാം തരംഗം സംസ്ഥാനത്ത് ആരംഭിച്ചത്. രണ്ടാം തരംഗത്തിൽ കഴിഞ്ഞ വർഷം മേയ് 12ന് 43,529 ആയിരുന്നു ഏറ്റവും ഉയർന്ന കേസ്. മൂന്നാം തരംഗത്തിൽ ഈ ജനവരി 25ന് 55,475 ആയിരുന്നു ഏറ്റവും ഉയർന്ന കേസ്. എന്നാൽ ഉയർന്ന വേഗത്തിൽത്തന്നെ കേസുകൾ കുറഞ്ഞു വരികയാണ്.
ജനുവരി ആദ്യ ആഴ്ചയിൽ 45 ശതമാനമാണ് കോവിഡ് കേസുകളിൽ വർധനവുണ്ടായത്. ജനുവരി മൂന്നാം ആഴ്ചയിൽ 215 ശതമാനമാണ് വർധിച്ചത്. എന്നാൽ പിന്നീട് അതു കുറഞ്ഞു. തൊട്ടു മുമ്പത്തെ ആഴ്ചയിൽ വർധനവ് 10 ശതമാനമായി. ഇപ്പോൾ വർധനവ് മൈനസ് 39 ശതമാനം മാത്രമാണ്.
നിലവിലുള്ള 2,83,676 ആക്ടീവ് കോവിഡ് കേസുകളിൽ, 3.2 ശതമാനം പേരെ മാത്രമാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. 54 ശതമാനം ഐസിയു കിടക്കകളും ഒഴിവാണ്. 14.1 ശതമാനം പേർ മാത്രമാണ് വെന്റിലേറ്ററിലുള്ളത്. 85 ശതമാനത്തോളം വെന്റിലേറ്ററുകൾ ഒഴിവുമുണ്ട്.
ലോകമെമ്പാടും ഒമിക്രോൺ തരംഗത്തെ നേരിടാൻ ഉപയോഗിക്കുന്ന ഫലപ്രദമായ മാർഗമാണ് ഗൃഹ പരിചരണം. ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത കൊണ്ടല്ല ഗൃഹ പരിചരണത്തിന് പ്രാധാന്യം കിട്ടുന്നത്. ഒമിക്രോൺ തരംഗത്തിൽ മൂന്നു ശതമാനം ആളുകൾക്ക് മാത്രമാണ് ആശുപത്രി ചികിത്സ വേണ്ടി വരുന്നത്.