Saturday, January 4, 2025
Kerala

നിരപരാധികളായ യുവാക്കളെ തെരുവിലിറക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നു; നിയമനത്തിൽ രാഷ്ട്രീയമില്ലെന്ന് മുഖ്യമന്ത്രി

പി എസ് സി വഴിയുള്ള നിയമനങ്ങൾ സുതാര്യമായി നടത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലുള്ള രീതി അനുസരിച്ച് സാധാരണ വരുന്ന ഒഴിവിന്റെ അഞ്ചിരട്ടി കണക്കാക്കിയാണ് ലിസ്റ്റ് തയ്യാറാക്കുന്നത്. ഇതുവഴി ലിസ്റ്റിലുള്ള എൺപത് ശതമാനം പേർക്കും നിയമനം ലഭിക്കാത്ത സാഹചര്യമുണ്ടാകും

ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുക മാത്രമാണ് ഇക്കാര്യത്തിൽ സർക്കാരിന് ചെയ്യാനുള്ളത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. ചീഫ് സെക്രട്ടറിയും ഭരണപരിഷ്‌കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും അടങ്ങുന്ന സമിതി ഇക്കാര്യങ്ങൾ പരിശോധിക്കും

്‌പ്രൊമോഷന് അർഹതയുള്ള ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ പ്രൊമോഷൻ നടക്കാത്ത സാഹചര്യം ചില വകുപ്പുകളിലുണ്ട്. ഇത്തരം പ്രൊമോഷൻ തസ്തികകൾ പി എസ് സി ലിസ്റ്റ് നിലവിലുള്ള കേഡറിലേക്ക് താത്കാലികമായി തരംതാഴ്ത്തി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ വകുപ്പ് അധ്യക്ഷൻമാർക്ക് നിർദേശം നൽകും.

താത്കാലിക നിയമനം നടത്തുന്നത് പി എസ് സി ലിസ്റ്റിലുള്ളവരുടെ അവസരം ഇല്ലാതാക്കുമെന്ന പ്രചാരണം ശരിയല്ല. പത്ത് വർഷത്തോളമായി താത്കാലിക തസ്തികയിൽ ജോലി ചെയ്യുന്നവർക്കാണ് നിയമന അംഗീകാരം നൽകുന്നത്. പത്ത് വർഷം എന്ന് പറയുമ്പോൾ തന്നെ ഇക്കാര്യത്തിൽ രാഷ്ട്രീയ പരിഗണന ഇല്ലെന്ന് അറിയാമല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതു സർക്കാർ അധികാരത്തിലെത്തിയ ശേഷം 1,57,911 പേർക്ക് നിയമനം നൽകി. 4012 റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇത് 3113 മാത്രമാണ്. വസ്തുതകളെല്ലാം മറച്ചുവെച്ച് ഉദ്യോഗാർഥികൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനാണ് സംസ്ഥാനത്ത് ശ്രമം നടക്കുന്നു.

ജോലിക്കാര്യം പറഞ്ഞ് വ്യാമോഹിപ്പിച്ച് നിരപരാധികളായ യുവാക്കളെ തെരുവിൽ ഇറക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നു. അപകടകരമായ ചില കളികളും കണ്ടു. ഒരു ലിസ്റ്റിലും പെടാത്ത ആളുകളും വൈകാരിക പ്രകടനം നടത്തി. രാഷ്ട്രീയ താത്പര്യം നേടാൻ ജീവൻ അപകടം വരുത്തുന്നത് മനുഷ്യന് ചേർന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *