Saturday, October 19, 2024
Kerala

സ്വാഗതഗാന വിവാദം: ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വി ശിവന്‍കുട്ടി

സംസ്ഥാന സ്‌കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട സ്വാഗതഗാന വിവാദം അന്വേഷിച്ച് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. കലോത്സവ ഗാനത്തിലെ പരാമര്‍ശവിധേയമായ ഭാഗം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ നിലപാട് അല്ലെന്ന് മന്ത്രി വിശദീകരിക്കുന്നു. സ്വാഗത ഗാനം അവതരിപ്പിച്ച മാതാ പേരാമ്പ്രയെ വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടികളില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു.

സ്‌കൂള്‍ കലോത്സവത്തിന്റെ ഓരോ വിഭാഗവും നിയന്ത്രിക്കുന്നത് അധ്യാപക സംഘടനകളാണ്. സ്വാഗത ഗാനം ഒരു സമിതി സ്‌ക്രീന്‍ ചെയ്തിരുന്നു. എന്നാല്‍ സ്റ്റേജ് ഡ്രസില്‍ അല്ലായിരുന്നു സ്‌ക്രീനിംഗ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. കലോത്സവ ഭക്ഷണത്തിന്റെ പേരില്‍ ചിലര്‍ വെറുതെ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. മികച്ച കരിയര്‍ റെക്കോര്‍ഡുള്ള പഴയിടം മോഹനന്‍ നമ്പൂതിരിയെ ക്രൂശിക്കുന്ന തരത്തില്‍ ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്ന പ്രതികരണങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.

വൈവിധ്യങ്ങളുടെ മേളയാണ് കലോത്സവം എന്നതിനാല്‍ തന്നെ ഇക്കാര്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിലപാട് വ്യക്തമാക്കിക്കഴിഞ്ഞുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടുന്നു. ഇനിയും ഈ വിഷയത്തില്‍ കടിച്ചു തൂങ്ങാന്‍ നില്‍ക്കുന്നവര്‍ക്ക് കൃത്യമായ അജണ്ടയുണ്ട്. ഈ അജണ്ട തിരിച്ചറിയാനുള്ള മതേതര മനസ് കേരളത്തിനുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published.