കോവിഡ് പ്രതിരോധത്തിൻ്റെ നിർണ്ണായക ചുമതലയിൽ നിന്നും പോലീസ് പിൻമാറുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു പാട് വിവാദങ്ങൾ സൃഷ്ടിച്ച സർക്കാർ തീരുമാനമായിരുന്നു കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായുള്ള സമ്പർക്ക പട്ടിക തയ്യാറാക്കാൻ പോലീസിനെ ഏൽപിച്ച നടപടി. ഇപ്പോൾ സമ്പർക്ക പട്ടിക തയാറാക്കുന്നതിൽ നിന്നും പോലീസ് പിൻമാറുന്നത് സംബന്ധിച്ച ഉത്തരവ് ഇറക്കിയിരിക്കുകയാണ് ഡിജിപി ലോക്നാഥ് ബെഹ്റ.
കോവിഡ് പ്രതിരോധത്തിലെ ഏറ്റവും നിർണ്ണായകമായ ജോലിയായ സമ്പർക്ക പട്ടിക തയ്യാറാക്കുന്ന ചുമതല പോലീസിന് നൽകിയതിനെതിരെ നേരത്തെ ആരോഗ്യ വകുപ്പും എതിർപ്പുമായി രംഗത്ത് വന്നിരുന്നു. കോവിഡ് രോഗികളുടെ ഫോൺ വിശദാംശങ്ങൾ അടക്കം പോലീസ് ശേഖരിക്കുന്നതായും ഫോൺ ചോർത്തുന്നതുമായുമൊക്കെ ബന്ധപ്പെട്ട് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
എത്രയും പെട്ടന്ന് ചുമതല ആരോഗ്യ വകുപ്പിന് തിരികെ നൽകാനാണ് ഡിജിപി നിർദ്ദേശം നൽകിയിരിക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞത് കാരണമാണ് പുതിയ തീരുമാനം എന്നാണ് വിശദീകരണം.