മകനെ പീഡിപ്പിച്ചെന്ന പരാതിയിൽ അമ്മക്കെതിരെ പോക്‌സോ കേസ്; പോലീസിനെതിരെ സിഡബ്ല്യുസി
തിരുവനന്തപുരം കടയ്ക്കാവൂരിൽ മകനെ പീഡിപ്പിച്ചെന്ന പരാതിയിൽ അമ്മക്കെതിരെ പോക്‌സോ ചുമത്തിയതിൽ കൂടുതൽ ദുരൂഹത. കേസ് കെട്ടിച്ചതാണെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന വിവരം പോലീസിനെ അറിയിച്ചത് ശിശു ക്ഷേമ സമിതിയല്ലെന്ന് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷ അഡ്വ. എൻ സുനന്ദ മാധ്യമങ്ങളോട് പറഞ്ഞു
പോലീസ് കുട്ടിക്ക് കൗൺസിലിംഗ് നടത്തി റിപ്പോർട്ട് ഹാജരാക്കാനാണ് നിർദേശം നൽകിയത്. ഒരു ലേഡി കോൺസ്റ്റബിളിനെയും കൂട്ടിയാണ് കുട്ടിയെ കൗൺസിലിംഗിന് കൊണ്ടുവന്നത്. പോലീസിന് നേരത്തെ വിവരം ലഭിച്ചത് കൊണ്ടാണല്ലോ അവർ കുട്ടിയുമായി വന്നത്. അവർക്ക് ആരാണ് ആ വിവരം നൽകിയതെന്ന് വെളിപ്പെടുത്തണം. അല്ലാതെ ശിശുക്ഷേമ സമിതി വിവരം നൽകിയെന്ന വിവരം തെറ്റാണെന്നും ഇവർ പറഞ്ഞു
എഫ് ഐ ആറിലെ പിഴവ് പോലീസ് തിരുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. 14കാരനായ കുട്ടിയെ അമ്മ പീഡിപ്പിച്ചെന്ന പരാതിയിൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തതിനെതിരെ യുവതിയുടെ കുടുംബം നിയമ നടപടിക്ക് ഒരുങ്ങുമ്പോഴാണ് സി ഡബ്ല്യുസി രംഗത്തുവരുന്നത്. യുവതിയുടെ കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകുമെന്നാണ് അറിയുന്നത്.