ശിവഗിരി തീർത്ഥാടനം; ചെമ്പഴന്തി ഗുരുകുലത്തിൽ വിപുലമായ ഒരുക്കങ്ങൾ
തൊണ്ണൂറാമത് ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ച് ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തി ഗുരുകുലത്തിൽ വിപുലമായ മുന്നൊരുക്കങ്ങൾ. ഡിസംബർ 30, 31, ജനുവരി 1 എന്നീ തീയതികളിൽ നടക്കുന്ന തീർത്ഥാടനം പൂര്‍ണമായും ഹരിത ചട്ടം പാലിച്ചായിരിക്കും സംഘടിപ്പിക്കുക. തീർത്ഥാടനത്തിൻ്റെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകളുടെ യോജിച്ചുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് കടകംപള്ളി സുരേന്ദ്രൻ എം.എൽ എയുടെ നേതൃതത്തിൽ യോഗം ചേർന്നു.
കൊവിഡ് നിയന്ത്രണങ്ങള്‍ മാറിയതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വലിയ തോതിൽ തീര്‍ത്ഥാടകര്‍ ഇത്തവണ എത്താൻ സാധ്യതയുള്ളതിനാൽ, അത് മുന്നില്‍ കണ്ടുള്ള ക്രമീകരണങ്ങൾ ഒരുക്കാൻ തീരുമാനമായി. ട്രാഫിക് നിയന്ത്രണത്തിനും സുരക്ഷക്കും പൊലീസ് പ്രത്യേക പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. തീർത്ഥാടന ദിവസങ്ങളില്‍ മദ്യം, മയക്കുമരുന്ന് എന്നിവയുടെ വില്‍പ്പനയും ഉപയോഗവും നിയന്ത്രിക്കാനായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടത്തും.
തിരക്ക് കണക്കിലെടുത്ത് ഉത്സവദിവസങ്ങളില്‍ കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസുകള്‍ നടത്തും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘവും ആംബുലന്‍സ് സൗകര്യവുമുണ്ടാകും. റോഡുകളുടെ അറ്റകുറ്റപ്പണിയും കേടായ തെരുവുവിളക്കുകള്‍ മാറ്റിസ്ഥാപിക്കുന്നതും അടിയന്തരമായി പൂര്‍ത്തിയാക്കും. ഉത്സവപ്രദേശത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ നടത്തും. ഗതാഗതം തടസപ്പെടുത്തിയുള്ള വഴിയോരക്കച്ചവടത്തിനും നിരോധനം ഏര്‍പ്പെടുത്തും.