കരിപ്പൂർ എയർപോർട്ടിലെത്തിയ ആളിന്റെ വയറ്റിൽ സ്വർണ്ണ മിശ്രിതമടങ്ങിയ 4 ക്യാപ്സ്യൂളുകൾ; പിടികൂടിയത് ഒരു കിലോയിലധികം സ്വർണം
കരിപ്പൂരിൽ നടന്ന സ്വർണ്ണവേട്ടയിൽ ഒരു കിലോയിലധികം സ്വർണം പിടികൂടി. എക്സ്റേ പരിശോധനയിലാണ് പ്രതിയുടെ വയറിനകത്ത് സ്വർണ്ണ മിശ്രിതമടങ്ങിയ 4 ക്യാപ്സ്യൂളുകൾ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ വയനാട് നടവയൽ സ്വദേശി അബ്ദുൽ മജീദ് ആണ് പിടിയിലായത്.
1.011 കിലോഗ്രാം സ്വർണ്ണം മിശ്രിത രൂപത്തിലാക്കിയ 4 കാപ്സ്യൂളുകളാണ് പ്രതിയിൽ നിന്ന് പിടിച്ചെടുത്തത്. പിടിച്ചെടുത്ത സ്വർണ്ണത്തിന് അഭ്യന്തര വിപണിയിൽ 54 ലക്ഷം രൂപ വില വരും. ആഴ്ച്ചകൾക്ക് മുമ്പ് തിരുവനന്തപുരം വിമാനത്താവളത്തിലും വൻ സ്വർണ്ണവേട്ട നടന്നിരുന്നു. ദുബായിൽ നിന്നും എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ എത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് അന്ന് സ്വർണ്ണം പിടിച്ചെടുത്തത്. 62,09,869 രൂപ മൂല്യമുള്ള 1201.60 ഗ്രാം സ്വർണ്ണമായിരുന്നു ഇവരിൽ നിന്നും പിടിച്ചെടുത്തത്.
നവംബർ 11 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും 49 ലക്ഷത്തിലധികം രൂപയുടെ സ്വർണ്ണവും പിടികൂടിയിരുന്നു. കാസർഗോഡ് സ്വദേശിയായ മുഹമ്മദ് എന്ന യുവാവിൽ നിന്നാണ് സ്വർണ്ണം പിടികൂടിയതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.