Saturday, October 19, 2024
Kerala

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 100 പവൻ സ്വർണം പൊലീസ് പിടികൂടി

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 42 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കോഴികോട് പയ്യോളി സ്വദേശി റസാഖ് (52) ആണ് പിടിയിലായത്. ശരീരത്തിനകത്ത് 800 ഗ്രാം സ്വർണ്ണം മിശ്രിത രൂപത്തിലാക്കി 3 കാപ്‌സ്യൂളുകളായി ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്.

ഇന്ന് രാവിലെ 8 മണിക്ക് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് (IX 344) റസാഖ് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 8.40 മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ റസാഖിനെ നിരീക്ഷിച്ചുകൊണ്ട് പുറത്ത് പൊലീസുണ്ടായിരുന്നു. പുറത്തെത്തിയ റസാഖ് തന്നെ കൊണ്ട് പോവാൻ വന്ന സുഹൂത്തുക്കളോടൊപ്പം
കാറിൽ കയറി പുറത്തേക്ക് പോകും വഴി സീറോ പോയിന്റിൽ വച്ചാണ് പിടിയിലാകുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത് ദാസ് ഐപിഎസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റസാഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ആദ്യഘട്ട ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാൻ റസാഖ് വിസമ്മതിച്ചിരുന്നു. തുടർന്ന് ഇയാളുടെ ദേഹവും ലഗേജും പൊലീസ് വിശദമായി പരിശോധിച്ചു. എന്നാൽ സ്വർണ്ണം കണ്ടെത്താനായില്ല. തുടർന്ന് റസാഖിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. എക്‌സറേ പരിശോധനയിൽ റസാഖിന്റെ വയറിനകത്ത് സ്വർണ്ണ മിശ്രിതമടങ്ങിയ 3 കാപ്‌സ്യൂളുകൾ കണ്ടെത്തുകയുമായിരുന്നു.

സ്വർണം സ്വീകരിക്കാൻ എയർപോർട്ടിൽ ആളുകൾ വരുമെന്നായിരുന്നു റസാഖിനെ ദുബായിൽ നിന്നും സ്വർണം കൊടുത്തുവിട്ടവർ അറിയിച്ചിരുന്നത്. റസാഖിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സ്വർണകടത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പിടിച്ചെടുത്ത സ്വർണ്ണം കോടതിയിൽ സമർപ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിനും സമർപ്പിക്കും.

Leave a Reply

Your email address will not be published.