സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; കുട്ടനാട്ടിൽ താറാവുകളെ കൊന്നൊടുക്കും
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. പുറക്കാട്ട് താറാവുകൾ ചാകാൻ കാരണം പക്ഷിപ്പനിയെന്നാണ് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിനെ അറിയിച്ചത്.
ഇതേ തുടർന്ന് തകഴി പഞ്ചായത്തിൽ താറാവുകളെ കൊന്നൊടുക്കാൻ മൃഗസംരക്ഷണ വകുപ്പ് നിർദേശം നൽകി. ഇതിനായി 10 ടീമുകളെ നിയോഗിച്ചു. എച്ച്5എൻ1 ഇൻഫ്ലുവൻസ ഇനത്തിൽ പെട്ട വൈറസുകൾ താറാവുകൾക്ക് ബാധിച്ചതായാണ് പരിശോധനയിലെ കണ്ടെത്തൽ.
എച്ച്5എൻ1 ഇൻഫ്ലുവൻസ വൈറസ് വായുവിലൂടെയും പകരാൻ സാധ്യതയുണ്ട്. പക്ഷികളിൽ അതിവേഗം വ്യാപിക്കുകയും മരണകാരണമാകുകയും ചെയ്യും. എന്നാൽ മനുഷ്യരെ ബാധിക്കുന്നത് അപൂർവമാണ്