Monday, April 14, 2025
Kerala

മന്ത്രി ശിവൻകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്; ഒരാൾ അറസ്റ്റിൽ

 

തിരുവനന്തപുരം: ചലച്ചിത്ര നടനൊപ്പം മന്ത്രി വി.ശിവൻകുട്ടി നിൽക്കുന്ന ഫോട്ടോ മോർഫ് ചെയ്ത്, പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൻസന്റെ ഒപ്പമുള്ളതാക്കി ചിത്രീകരിച്ചു പ്രചരിപ്പിച്ച കേസി‍ൽ ഒരാൾ അറസ്റ്റിൽ. പാലക്കാട് കണ്ണാടി കാഴ്ചപ്പറമ്പ് ഉപാസനയിൽ പ്രതീഷ് കുമാറി(49)നെയാണു തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. മന്ത്രിയുടെ ഫെയ്സ്ബുക് പേജിൽ നിന്നെടുത്ത ഫോട്ടോയാണ് മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. കേസിലെ രണ്ടാം പ്രതി എറണാകുളം സ്വദേശി ഷീബ രാജേന്ദ്രനെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

താൻ ഇതു സംബന്ധിച്ച് ഡിജിപിക്കു പരാതി നൽകിയെന്നും പിന്നിൽ ചില രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ടെന്നും ശിവൻകുട്ടി പറഞ്ഞിരുന്നു.‘ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോൻസൻ മാവുങ്കലിനൊപ്പം എന്ന രീതിയിൽ എന്നെയും ചേർത്ത് ഒരു ഫോട്ടോ നിക്ഷിപ്ത താൽപര്യക്കാർ പ്രചരിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പുകാലത്ത് നടൻ ബൈജു വീട്ടിൽ എത്തിയപ്പോൾ ഞങ്ങൾ രണ്ടുപേരുമുള്ള ഫോട്ടോ എടുത്തിരുന്നു.

ഈ ഫോട്ടോ മോർഫ് ചെയ്ത് മോൻസൻ മാവുങ്കലിനൊപ്പം നിൽക്കുന്നു എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. ഷീബ രാമചന്ദ്രൻ എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നും കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലും ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ ഞാൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.വെറുതെ ഒരു പോസ്റ്റ് ഉണ്ടായതല്ല എന്ന് ഉറപ്പാണ്. പോസ്റ്റിന് പിന്നിൽ ചില രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ട് എന്ന് ഞാൻ സംശയിക്കുന്നു.’ ശിവൻകുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *