പെരുമ്പാവൂരിൽ ദമ്പതികളുടെ വീട്ടിലും വാഹനത്തിലും പരിശോധന; പാക്കറ്റുകളിലാക്കി ‘മെക്സിക്കൻ ബ്രൌൺ’, വില ലക്ഷങ്ങൾ
കൊച്ചി: പെരുമ്പാവൂരിൽ വൻ മയക്കുമരുന്ന് വേട്ട. ജില്ലയിൽ വിപണത്തിനായി കൊണ്ടുവന്ന നാല് പ്ലാസ്റ്റിക് കവറുകളിലായി സൂക്ഷിച്ചു വന്നിരുന്ന മുന്തിയ ഇനത്തിൽപ്പെട്ട മെക്സിക്കൻ ബ്രൗൺ എന്നറിയപ്പെടുന്ന ഹെറോയിനാണ് പിടികൂടിയത്. ആസാം സ്വദേശികളായ അംജദുൽ ഇസ്ലാം ഷഹീദാ കാത്തൂൻ എന്നീ ദമ്പതികൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്നും, ഉപയോഗിച്ചിരുന്ന വാഹനത്തിൽ നിന്നുമാണ് മാരകമായക്കു മരുന്ന് കണ്ടെത്തിയത്.
സർക്കിൾ ഇൻസ്പെക്ടർ പി ജുനൈദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മീഷണറുടെ മദ്ധ്യ മേഖലാ സ്കോഡാണ് മയക്കുമരുന്ന് പിടികൂടിയത്. ഇന്റലിജൻസ് വിഭാഗവുമായി ചേർന്നായിരുന്നു ഓപ്പറേഷൻൽ പെരുമ്പാവൂർ കണ്ണന്തറ പടിഞ്ഞാറേക്കരയിൽ സ്പെഷ്യൽ ടീമുമായി മിന്നൽ പരിശോധന നടത്തുകയായിരുന്നു.
സംഘത്തിൽ എക്സൈസ് കമ്മീഷറുടെ മധ്യമേഖല സ്കോഡ് അംഗങ്ങളായ ഇൻസ്പെക്ടർമാരായ എ ബി പ്രസാദ്, പ്രമോദ് എം. പി, പ്രിവന്റി ഓഫീസർമാരായ റോബി, മുജീബ് റഹ്മാൻ, കൃഷ്ണപ്രസാദ്, അനൂപ് ഇന്റലിജൻസ് അംഗമായ രഞ്ജു ഡ്രൈവർ സിജൻ എന്നിവർ ഉണ്ടായിരുന്നു. ഈ കേസിൽ തുടർ അറസ്റ്റുകൾ ഉണ്ടാവുമെന്ന് സർക്കിൾ ഇൻസ്പെക്ടർ ജുനൈദ് പറഞ്ഞു. പിടിച്ചെടുത്ത മയക്കുമരുന്ന് വിപണിയിൽ ലക്ഷങ്ങളുടെ മൂല്യം വരുന്നതാണ്.