അട്ടപ്പാടിയിൽ യാത്രാ ക്ലേശം രൂക്ഷം; അവശ്യ സാധനങ്ങൾക്കായി സാഹസിക യാത്ര
പെരുമഴക്കാലത്ത് അട്ടപ്പാടിയിലെ ഊരുകളില്‍ ഒറ്റപ്പെടുന്നവരുടെ ദൈന്യത നിറയ്ക്കുന്ന കാഴ്ചകള്‍ വീണ്ടും. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ കുത്തിയൊലിച്ചെത്തുന്ന പുഴ മുറിച്ച് കടന്ന് മറുകര പിടിക്കുന്ന ഇടവാണി ഊര് നിവാസികളുടെ ദൃശ്യങ്ങളാണ് അട്ടപ്പാടിയിലെ ആദിവാസി ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി ഇന്ന് പുറത്തുവന്നത്.
മഴ കനത്തതോടെ വീടുകളില്‍ തന്നെയായിരുന്നു പുതൂര്‍ പഞ്ചായത്തിലെ ഇടവാണി ഊരിലുള്ളവര്‍. ഊരുകളില്‍ അവശ്യസാധനങ്ങള്‍ നന്നേ കുറഞ്ഞതോടെയാണ് സാഹസികമായി വരഗാര്‍ പുഴയെ മുറിച്ച് കടന്ന് അക്കരെകടക്കാന്‍ തീരുമാനിച്ചത്. റോഡുണ്ടെങ്കിലും മഴക്കാലത്ത് വെളളം കയറുമെന്നതിനാല്‍ അഞ്ച് തവണ പുഴ കടന്ന് വേണം ഇവര്‍ക്ക് ഊരിലെത്താന്‍. കഴിഞ്ഞ ദിവസം മുത്തിക്കുളം ഊരില്‍ നിന്നും രോഗിയെയും കൊണ്ട് പുഴ കടക്കുന്ന രംഗം പുറത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് ഇടവാണി ഊരിലേയും കാഴ്ചകള്‍.
മഴക്കാലത്തെ പതിവാകുന്ന ഈ ദുരിതങ്ങള്‍ പരിഹരാക്കാന്‍ സ്ഥിരം പാലം വേണമെന്ന ആവശ്യമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്.