വേദനകൾ ബാക്കി വെച്ച് യാത്രയായി; നടി ശരണ്യ ശശി അന്തരിച്ചു
ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്ന നടി ശരണ്യ ശശി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പത്ത് വർഷത്തോളമായി അർബുദത്തിന് ചികിത്സയിലായിരുന്നു. അടുത്തിടെ രോഗം വർധിച്ചതിനെ തുടർന്ന് ശരണ്യയെ ആശുപത്രിയിൽ എത്തിച്ചിരുന്നു.
ചികിത്സക്കിടെ മെയ് 23ന് ശരണ്യക്ക് കൊവിഡ് ബാധിച്ചിരുന്നു. പിന്നാലെ വെന്റിലേറ്ററിലേക്ക് മാറ്റി. ജൂൺ 10ന് കൊവിഡ് നെഗറ്റീവായെങ്കിലും അന്ന് രാത്രി തന്നെ പനി കൂടി വീണ്ടും വെന്റിലേറ്റർ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. സ്ഥിതി പിന്നീട് കൂടുതൽ രൂക്ഷമായി.
2012ലാണ് ബ്രയിൻ ട്യൂമർ തിരിച്ചറിയുന്നത്. നിരവധി തവണ അവർ ശസ്ത്രക്രിയക്ക് വിധേയമായിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ശരണ്യക്ക് സിനിമാ, സീരിയൽ രംഗത്തുള്ളവരും സാമൂഹ മാധ്യമ ഗ്രൂപ്പുകളും ചേർന്ന് ചെറിയ സാമ്പത്തിക സഹായങ്ങൾ നൽകി വന്നിരുന്നു.