വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും മാധ്യമപ്രവർത്തകർക്ക് നേരെ അഭിഭാഷകരുടെ കയ്യേറ്റം. മാധ്യമപ്രവർത്തകനായിരുന്ന കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ വഞ്ചിയൂർ കോടതിയിൽ ഹാജരായ വഫ ഫിറോസിന്റെ ചിത്രം എടുക്കാൻ ശ്രമിച്ച സിറാജ് ദിനപത്രത്തിലെ ക്യാമറാമാൻ ശിവജിയെ അഭിഭാഷകർ കയ്യേറ്റം ചെയ്യുകയായിരുന്നു.
കോടതിയിൽ ശ്രീറാം വെങ്കിട്ടരാമനും വഫയും ഹാജരായിരുന്നു. അവർ തിരിച്ചിറങ്ങുന്ന പടം എടുക്കുന്നതിനിടെ ആയിരുന്നു സംഭവം. വഫയുടെ ചിത്രം എടുക്കുന്ന സമയത്ത് അഭിഭാഷകർ ശിവജിയുടെ കൈയിൽ നിന്ന് ക്യാമറയും അക്രഡിറ്റേഷൻ കാർഡും പിടിച്ചുവാങ്ങുകയായിരുന്നു. ഫോട്ടോ നിർബന്ധിച്ച് ഡിലീറ്റ് ചെയ്യിച്ചു.
ഫോൺ പിടിച്ചു പറിക്കാൻ ശ്രമിച്ചെങ്കിലും ആ സമയത്ത് അവിടെയെത്തിയ പൊലീസുകാരുടെ കൈയിലേക്ക് ഫോൺ കൈമാറി. സ്ഥലത്തേക്കെത്തിയ കെ.യു.ഡബ്ലിയു.ജെ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലത്തെ പിടിച്ചു തള്ളുകയും മർദ്ദിക്കുകയും ചെയ്തു.