Saturday, January 4, 2025
Kerala

സിപിഎമ്മിന്റെ ഏക സിവിൽ കോഡ് ചൂണ്ടയിൽ കുരുങ്ങാതെ ലീഗ്, യുഡിഎഫിലെ ആശയക്കുഴപ്പം ഗുണമെന്ന് പ്രതീക്ഷ

തിരുവനന്തപുരം : ഏക സിവിൽ കോഡിനെതിരായ സെമിനാറിൽ മുസ്ലിം ലീഗ് പങ്കെടുക്കാത്തത് പ്രത്യക്ഷത്തിൽ തിരിച്ചടിയാണെങ്കിലും ക്ഷണം ലീഗിലും യുഡിഎഫിലും ഉണ്ടാക്കിയ ആശയക്കുഴപ്പം ഭാവിയിൽ ഗുണമാകുമെന്ന പ്രതീക്ഷയിലാണ് സിപിഎം. സമസ്ത എത്തുന്നതും സമസ്തയും ലീഗും തമ്മിലെ ഭിന്നത തുടരുന്നതും നേട്ടമെന്നാണ് പാർട്ടി കണക്ക് കൂട്ടൽ.

പാണക്കാട്ടെ യോഗം തുടങ്ങും വരെ മുസ്ലീം ലീഗിനെ തുടർച്ചയായി ക്ഷണിച്ച സിപിഎമ്മിന് സിവിൽ കോഡ് ചൂണ്ടയിൽ ലീഗ് എളുപ്പം കൊത്തില്ലെന്ന് അറിയാമായിരുന്നു. കോൺഗ്രസ്സിനെ മാറ്റി ലീഗിനെ ക്ഷണിച്ചതിലൂടെയിട്ട പാലം ഉണ്ടാക്കിയ വലിയ രാഷ്ട്രീയ ചർച്ചകളിലാണ് ഇനിയുള്ള പ്രതീക്ഷ. ലീഗിൽ രണ്ടഭിപ്രായം ശക്തമായതും യുഡിഎഫിൽ ആശങ്ക കനത്തതും അതിനെല്ലാമുപരിയായി സമസ്തയുടെ അനുകൂല നിലപാടും നോക്കുമ്പോൾ സെമിനാറും ക്ഷണവും നഷ്ടക്കച്ചവടമായില്ലെന്നാണ് വിലയിരുത്തൽ.

പൗരത്വ പ്രശ്നത്തിലെ പ്രക്ഷോഭത്തിലേക്ക് കോൺഗ്രസിനെ ക്ഷണിച്ച സിപിഎം ഇത്തവണ ലീഗിനെ മാത്രം വിളിച്ചത് ബോധപൂർവ്വം തന്നെയാണ്. പാ‍ർട്ടി എന്ന നിലയിൽ ലീഗ് വിട്ടുനിൽക്കുമ്പോഴും മുസ്ലീം സമുദായ അംഗങ്ങളെ പരമാവധി ഒപ്പം നിർത്താനുള്ള ശ്രമം സിപിഎം തുടരും. യുസിസിയിൽ കോൺഗ്രസിന്റെ വ്യക്തതയില്ലായ്മ ശക്തമായി ഉന്നയിക്കും. അപ്പോഴും സിവിൽ കോഡിലെ പാർട്ടിയുടെ പഴയ ചരിത്രം കോൺഗ്രസ് എടുത്തിടുന്നത് വെല്ലുവിളിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ലീഗ് യുഡിഎഫ് വിടുമെന്ന് സിപിഎം കരുതുന്നില്ല. പക്ഷെ അധികകാലം ലീഗിന് യുഡിഎഫിൽ തുടരാനാകില്ലെന്നാണ് കരുതൽ. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലുണ്ടാകുന്ന മാറ്റങ്ങൾക്കായി കാത്തിരിക്കുകയാണ് പാർട്ടി.

Leave a Reply

Your email address will not be published. Required fields are marked *