Saturday, October 19, 2024
Kerala

നേഴ്‌സിംഗ് ജോലിക്കെന്ന പേരില്‍ കുവൈറ്റിലേക്ക് കൊണ്ടു പോയി; ഏജന്റും കൂട്ടാളികളും യുവതിയെ പീഡിപ്പിച്ചു

നേഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലേക്ക് കൊണ്ടു പോയ ശേഷം ഏജന്റും കൂട്ടാളികളും ചേര്‍ന്ന് അതിക്രൂരമായി ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തെന്ന് യുവതിയുടെ പരാതി. കോഴിക്കോട് ഇസ്മ ഏജന്‍സി വഴി പോയ യുവതിയാണ് സംഭവം തുറന്നു പറഞ്ഞിരിക്കുന്നത്. ഏജന്റിന്റെ കൈയില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഒരു ലക്ഷം രൂപ തട്ടിയെടുത്തതായും യുവതി പരാതിയില്‍ പറയുന്നു.

കുവൈത്തില്‍ ജോലിക്കു പോയ ആലപ്പുഴ സ്വദേശിനിയായ യുവതിക്കാണ് ഈ ദുരനുഭവമുണ്ടായത്. ഇനി ഒരു യുവതി പോലും ചതിയില്‍പെടരുതെന്നുള്ളതുകൊണ്ടാണ് ഏജന്റിന്റെ അടുത്ത് നിന്ന് രക്ഷപെട്ടെത്തിയ യുവതി തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയത്.

ആറു ദിവസം പച്ചവെള്ളം പോലും നല്‍കാതെ ഏജന്റിന്റെ മുറിയില്‍ പൂട്ടിയിട്ടു.  അറബി മാനസിക ചികിത്സ തേടുന്നയാളായിരുന്നു. അദ്ദേഹം തന്നെ ഒരുപാട് ഉപദ്രവിച്ചു. രണ്ടു മാസത്തോളം മര്‍ദനം സഹിച്ച് നിന്നെങ്കിലും സാലറി പോലും തന്നില്ല. തുടര്‍ന്ന് തന്നെ ഏജന്‍സിയിലേക്ക് കൊണ്ടു പോയെങ്കിലും ശാരീരകമായി ഉള്‍പ്പെടെ ഉപദ്രവിക്കുന്ന നിലയുണ്ടായി. ആറു ദിവസം ഒരു തുള്ളി വെള്ളം പോലും തന്നില്ല. ബാത്ത് റൂമില്‍ നിന്ന് വെള്ളം കുടിച്ചാണ് കഴിഞ്ഞത്.

ക്ലബ് ഹൗസിലൂടെ പരിചയപ്പെട്ട അഹലാന്‍ എന്ന വ്യക്തി ഇന്ത്യന്‍ എംബസിയിലെ ജീവനക്കാരനാണെന്ന് പറഞ്ഞ് സഹായം വാഗ്ദാനം ചെയ്തു. രക്ഷപെടുത്തുമെന്ന് കരുതി നാട്ടിലുള്ള അമ്മയുടെ കെട്ടുതാലിവരെ പണയപ്പെടുത്തി ഒരു ലക്ഷം രൂപ നല്‍കി. എന്നാല്‍ അഹലാനും അദ്ദേഹത്തിന് വേണ്ടി പണം വാങ്ങിയ ആളും തന്നെ വഞ്ചിച്ചു. കോഴിക്കോട്ടെ ഇസ്മ ഏജന്‍സി വഴി ഇത്തരത്തില്‍ നിരവധി യുവതികളെയാണ് ജോലിക്ക് കൊണ്ടുപോകുന്നതെന്നും യുവതി പറയുന്നു. യുവതിയുടെ പരാതിയില്‍ എമിഗ്രേഷന്‍ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.