ശ്രദ്ധയുടെ ആത്മഹത്യ: പുറത്തു വിട്ട കുറിപ്പിൽ വിശദീകരണവുമായി കോട്ടയം ജില്ലാ പോലീസ് മേധാവി
കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിലെ ശ്രദ്ധയുടെ ആത്മഹത്യയിൽ പുറത്തു വന്ന കുറിപ്പിൽ വിശദീകരണവുമായി കോട്ടയം ജില്ലാ പോലീസ് മേധാവി. മുറിയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ കുറിപ്പ് ശാസ്ത്രീയ പരോശോധനക്ക് അയക്കും. ഫലം വന്ന ശേഷമേ ആത്മഹത്യാ കുറിപ്പ് ആണോ എന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടാവൂ എന്ന് കോട്ടയം എസ്പി കെ കാർത്തിക്ക്. അതെ സമയം കോളേജിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തു.
ശ്രദ്ധയുടെ ആത്മഹത്യക്ക് പിന്നാലെ കോളേജ് ഹോസ്റ്റലിൽ നടത്തിയ പരിശോധനയിലാണ് പോലീസിന് കുറിപ്പ് കിട്ടിയത്. ഇത് ആത്മഹത്യാ കുറിപ്പ് ആണെന്ന പോലീസ് വാദം ഏറെ വിവാദം ആയിരുന്നു. ഇതിന് പിന്നാലെയാണ് കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ വിശദീകരണം. മുറിയിൽ നിന്ന് കിട്ടിയ കുറിപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഫലം വന്ന ശേഷം മാത്രമേ കൃത്യമായ വിവരം ലഭിക്കുകയുള്ളൂവെന്ന് കോട്ടയം എസ്പി പറഞ്ഞു
കേസ് ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചു. കാഞ്ഞിരപ്പള്ളിയിൽ ക്യാമ്പ് ചെയ്താണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടിഎം വാർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുന്നത്. അതെ സമയം, ശ്രദ്ധയുടെ മരണത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് എതിരെ പോലീസ് കേസെടുത്തു. സർക്കാർ ചീഫ് വിപ്പിനെയും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയേയും തടഞ്ഞുവെച്ചെന്ന് ആരോപിച്ചാണ് കേസ്. കേസിന്റെ എഫ് ആർ കാഞ്ഞിരപ്പള്ളി പോലീസ് കോടതിയിൽ സമർപ്പിച്ചു. എന്നാൽ വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന തരത്തിൽ കേസ് മുന്നോട്ടുകൊണ്ടുപോകില്ലെന്ന് പോലീസ് വ്യക്തമാക്കി.
അമൽ ജ്യോതി എൻജിനീയറിംഗ് കോളജിൽ മരിച്ച ശ്രദ്ധയുടെ ആത്മഹത്യാ കുറിപ്പിൽ വിശ്വാസമില്ലെന്ന് വ്യക്തമാക്കി കുടുംബം രംഗത്ത് വന്നിരുന്നു. കുറിപ്പിലെ കയ്യക്ഷരം ശാസ്ത്രീയമായി പരിശോധിക്കണമെന്ന് പിതാവ് സതീശൻ പറഞ്ഞു. ഭീഷണിപ്പെടുത്തിയാണ് സമരം പിൻവലിച്ചത്. കോളജിൽ സംഘടനാ സ്വാതന്ത്ര്യം അനുവദിക്കണം. ശ്രദ്ധയുടെ മരണത്തിന് ഉത്തരവാദി വകുപ്പ് മേധാവിയെന്ന് മാതാവ് പറഞ്ഞു.