ശ്രദ്ധയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്, സമരം താത്കാലികമായി അവസാനിപ്പിച്ച് വിദ്യാർത്ഥികൾ
കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ മരണം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കും. സമരത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥിനികൾക്കെതിരേ നടപടി ഉണ്ടാകില്ലെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു. ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും മാനേജ്മെന്റും അധ്യാപകരുമായുള്ള ചർച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
‘കുറ്റക്കാരെ ശിക്ഷിക്കും. വാർഡനെ മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യം സഭാനേതൃത്വവുമായി സംസാരിച്ച് മാനേജ്മെന്റ് അറിയിക്കും. വിദ്യാർഥികൾ പരാതിപ്പെട്ട എച്ച്.ഒ.ഡിക്കെതിരേ നിലവിൽ നടപടി ഉണ്ടാകില്ല. അന്വേഷണത്തിൽ എന്തെങ്കിലും കണ്ടെത്തിയാൽ അപ്പോൾ തീരുമാനിക്കും.സ്റ്റുഡന്റസ് കൗൺസിൽ ശക്തിപ്പെടുത്തും’ മന്ത്രി പറഞ്ഞു.
സമരം തത്കാലം നിർത്തിയതായി വിദ്യാർഥികൾ വ്യക്തമാക്കി. എന്നാൽ ഇതിൽ പൂർണതൃപ്തരല്ല. അന്വേഷണവുമായി സഹകരിക്കും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്നും വിദ്യാർഥികൾ കൂട്ടിച്ചേർത്തു. മന്ത്രിമാരായ വി.എൻ. വാസവൻ, ആർ. ബിന്ദു എന്നിവർ യോഗത്തില്‍ പങ്കെടുത്തു.