Monday, January 6, 2025
Kerala

താനൂര്‍ ബോട്ട് ദുരന്തം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചായിരിക്കും അന്വേഷണം നടക്കുക
വാക്കുകളില്‍ രേഖപ്പെടുത്താനാകാത്ത ദുരന്തമാണ് താനൂരിലേതെന്ന് മുഖ്യമന്ത്രി
മലപ്പുറം താനൂര്‍ ബോട്ടപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബോട്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. അത്തരം കാര്യങ്ങളടക്കം അന്വേഷണ പരിധിയില്‍ കൊണ്ടുവരാന്‍ തക്കതായ ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സ്‌പെഷ്യല്‍ ഇന്‍വിസ്റ്റിഗേഷന്‍ ടീം രൂപീകരിച്ചായിരിക്കും അന്വേഷണം നടക്കുക.

ആശ്വസിപ്പിക്കാന്‍ കഴിയാത്ത സംഭവമാണ് താനൂരില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം എംഎല്‍എമാരും കക്ഷിനേതാക്കളും അവലോകന യോഗത്തില്‍ പങ്കെടുത്തു. വാക്കുകളില്‍ രേഖപ്പെടുത്താനാകാത്ത ദുരന്തമാണ് താനൂരിലേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എട്ട് പേരാണ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. സംസ്ഥാനത്ത് ഇതിനുമുന്‍പുണ്ടായിട്ടുള്ള ദുരന്തങ്ങളിലെല്ലാം കരുതല്‍ നടപടികള്‍ക്കായുള്ള നിര്‍ദേശങ്ങള്‍ വച്ചിരുന്നു. താനൂര്‍ അപകടത്തില്‍ ആ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

ഇന്നലെ വൈകിട്ടാണ് താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ നാല്പതോളം വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയത്. ഒരു കുടുംബത്തിലെ പന്ത്രണ്ട് പേരടക്കം 22 പേരാണ് ദുരന്തത്തില്‍ മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിന് കാരണമായ നിയമലംഘനങ്ങളില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *