വകുപ്പിന് തലവേദനയായി വീണ്ടും മാങ്ങാക്കേസ്; ഉന്നതരുടെ പേര് പറഞ്ഞ് പൊലീസുകാരന്‍ മാങ്ങ വാങ്ങി പണം നല്‍കാതെ മുങ്ങി
തിരുവനന്തപുരത്തു ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പേരു പറഞ്ഞ് മാങ്ങ വാങ്ങി പണം നല്‍കാതെ പൊലീസുകാരന്‍ മുങ്ങിയെന്നു പരാതി. പോത്തന്‍കോട് കരൂരിലാണ് കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെയും പോത്തന്‍കോട് സി.ഐയുടെയും പേരു പറഞ്ഞു പൊലീസുകാരന്‍ മാങ്ങ വാങ്ങി കബളിപ്പിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കാഞ്ഞിരപ്പള്ളിയില്‍ പച്ചക്കറികടയില്‍ നിന്നും മാങ്ങ മോഷ്ടിച്ച സിവില്‍ പൊലീസ് ഓഫീസറെ ആഭ്യന്തര വകുപ്പ് പിരിച്ചു വിട്ടു മാസങ്ങള്‍ക്കുള്ളിലാണ് അടുത്ത സംഭവം. പോത്തന്‍കോട് കരൂരിലെ കടയില്‍ നിന്നാണ് പോലീസുകാരന്‍ ഉന്നതഉദ്യോഗസ്ഥരുടെ പേര് പറഞ്ഞു മാങ്ങ വാങ്ങിയത്. അഞ്ചു കിലോ മാങ്ങ വാങ്ങിയ ശേഷം കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറും പോത്തന്‍കോട് സി.ഐയും ഗൂഗിള്‍ പേ വഴി പണം നല്‍കുമെന്നറിയിച്ചു പോയി.
പോത്തന്‍കോട് സി.ഐയും എസ്.ഐയും കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാറുള്ളതിനാല്‍ കടയുടമയ്ക്കു ആദ്യം സംശയം തോന്നിയില്ല. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പണം അക്കൗണ്ടില്‍ എത്താത്തതിനാല്‍ പോത്തന്‍കോട് സി.ഐയോട് കാര്യം പറഞ്ഞു. ഇതോടെ തന്റെ പേര് പറഞ്ഞു തട്ടിപ്പ് നടത്തിയ ആളെ കണ്ടെത്തണമെന്ന് സി.ഐ തീരുമാനിച്ചു. ഇക്കാര്യം പുറത്തു വിടാതെ ഡ്യൂട്ടിയുടെ ഭാഗമായി ഓരോ പൊലീസുകാരെയും കടയിലെത്തിച്ചു. അതിലൊരാളെ കടയുടമ തിരിച്ചറിഞ്ഞു. വിവരം രഹസ്യമായി തന്നെ സി.ഐയെ അറിയിച്ചു. സി.ഐയുടെ നിര്‍ദ്ദേശപ്രകാരം കടയുടമ പരാതി നല്‍കി പൊലീസ് കേസെടുത്തു. സംഭവത്തെപറ്റി വിശദമായി അന്വേഷിച്ചു സാക്ഷിമൊഴി കൂടി എടുത്ത ശേഷം നടപടിക്ക് ശുപാര്‍ശ ചെയ്യാനാണ് ഉന്നത ഉദ്യോഗസ്ഥരുടെ നീക്കം.