മെഡിക്കൽ കോളേജിലെ പരീക്ഷാ ഹാൾ നിര്‍മാണത്തിനിടെ കെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു
കോഴിക്കോട്: നിർമാണത്തിനിടെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം ആനശ്ശേരി പുറത്തോട്ടു കണ്ടി രാജന്റെ മകൻ രഞ്ജിത്ത് (31) ആണ് മരിച്ചത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് അങ്കണത്തിലെ പരീക്ഷാ ഹാൾ നിർമ്മാണങ്ങൾക്കിടെയാണ് സംഭവം.
മെക്കാനിക്ക് ആയിരുന്നു രഞ്ജിത്ത്. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് വീണത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ഉടൻ മെഡി. കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ: സജിത. സഹോദരൻ: അഭിനവ് (സഞ്ജു). സാസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് തറവാട് ശ്മശാനത്തിൽ നടക്കും.
അതേസമയം, നിയന്ത്രണം വിട്ട് പാഞ്ഞു വന്ന കാറിടിച്ച് പൊലീസുകാരൻ കൊല്ലപ്പെട്ടു. എറണാകുളം മടക്കത്താനം സ്വദേശി നജീബാണ് മരിച്ചത്. 46 വയസായിരുന്നു. എറണാകുളം പോത്താനിക്കാട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായിരുന്നു. മടക്കത്താനത്ത് വീടിന് മുന്നിൽ റോഡരികിൽ നിൽക്കുമ്പോഴാണ് കാർ പാഞ്ഞു വന്നത്. പരിക്കേറ്റ നജീബിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.