Tuesday, January 7, 2025
Kerala

കെ എം ബഷീറിന്റെ മരണം; പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തില്‍ പൊലീസിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കോടതി. കോടതിയില്‍ ഹാജരാകാത്ത സൈബര്‍ സെല്‍ ഡിവൈഎസ്പിക്ക് ആണ് കോടതിയുടെ വിമര്‍ശനം. ഹൈടെക് സെല്‍ ഡിവൈഎസ്പി ഈ മാസം 24ന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്.

അപകട ദിവസത്തെ സിസി ടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിഡികള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ച് പകര്‍പ്പെടുക്കാന്‍ ആവശ്യമായ ഉപകരണം സഹിതം ഹാജരാകാനാണ് ഉത്തരവ്. ഈ മാസം രണ്ടിന് ഇതേ കാര്യം ആവശ്യപ്പെട്ട് ഡിവൈഎസ്പിയോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡിവൈഎസ്പി ഉത്തരവ് പാലിച്ചിരുന്നില്ല.

ഉദ്യോഗസ്ഥന്റെ നിഷ്‌ക്രിയത്വവും അലംഭാവവും ഗുരുതരമായ കൃത്യവിലോപവും കോടതിയുടെ നീതിനിര്‍വഹണത്തെ തടയാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും കോടതി. സര്‍ക്കാര്‍ അഭിഭാഷകയായ ഉമ നൗഷാദിനോട് ഇക്കാര്യത്തില്‍ കോടതി അതൃപ്തി അറിയിച്ചിരുന്നു. ഡിവൈഎസ്പി കോടതിയില്‍ ഹാജരാകുകയോ സമയം തേടി അപേക്ഷ സമര്‍പ്പിക്കുകയോ ചെയ്തിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *