Thursday, January 9, 2025
Kerala

മുരിയാട് സംഘർഷം; അറസ്റ്റ് ഏകപക്ഷീയമെന്ന് എംപറർ ഇമ്മാനുവൽ സിയോൺ സഭ

മുരിയാട് സംഘർഷത്തിൽ പൊലീസിനെതിരെ എംപറർ ഇമ്മാനുവൽ സിയോൺ സഭ. 11 സഭാവിശ്വാസികളായ സ്ത്രീകളെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി ഏകപക്ഷിയമാണെന്ന് സഭാ നേതൃത്വം കുറ്റപ്പെടുത്തി. സഭയിലെ ശുശ്രൂഷകയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിലും സഭാ വിശ്വാസിയുടെ പതിനാറുകാരിയായ മകളെ ആക്രമിച്ചതിലും പ്ലാത്തോട്ടത്തിൽ സാജനെതിരെ പൊലീസ് നടപടിയില്ലെന്ന് സിയോൺ സഭ വക്താവ് കുറ്റപ്പെടുത്തി. അതേസമയം ആരോപണങ്ങൾ പച്ചക്കള്ളമെന്നായിരുന്നു സാജൻറെ പ്രതികരണം.

മുരിയാട് എംപറർ ഇമ്മാനുവൽ സഭയുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് സിയോൺ സഭ ഉയർത്തുന്നത്. സഭയിലെ ശുശ്രൂഷകയുടെ നഗ്നചിത്രം സാജൻ മോർഫ് ചെയ്തു പ്രചരിപ്പിച്ചുവെന്നും ഇതിൽ പൊലീസ് നടപടിയെടുത്തില്ലെന്നും സഭാ വക്താവ് പി പി ഷാൻറോ ആരോപിച്ചു. ഇത് ചോദ്യം ചെയ്ത അമ്മയെയും 16കാരിയെയും സാജൻ ആക്രമിക്കുകയാണുണ്ടായത്. പതിനാറുകാരിയെ ആക്രമിച്ചതിൽ കേസെടുത്തുവെങ്കിലും അറസ്റ്റ് നടപടിയിലേക്ക് കടക്കുന്നില്ല. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്ത്രീകളെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുന്നുവെന്ന വ്യാജേനെയാണ് അറസ്റ്റ് ചെയ്തത്. സംഘർഷമൊഴിവാക്കാനായി സർക്കാരിൻറെ ഇടപെടലിനോട് പൂർണമായും സഹകരിക്കുമെന്നും സഭാ വക്താവ് പിപി ഷാൻറോ വ്യക്തമാക്കി.

അതേസമയം, ആരോപണങ്ങൾ നിഷേധിച്ച് പ്ലാത്തോട്ടത്തിൽ സാജൻ രംഗത്തെത്തി. തങ്ങൾ സഭ വിട്ടത് സഹോദരിയുമായും ഭർത്താവുമായും ബന്ധം പാടില്ലെന്ന് നേതൃത്വം വ്യക്തമാക്കിയതിനാലാണ്. ഇതിൻറെ പകയാണ് ഇപ്പോൾ തീർക്കുന്നത്. തനിക്കെതിരെ നൽകിയ പോക്സോ കേസ് വ്യാജമാണ്. ശുശ്രൂഷകയുടെ നഗ്നചിത്രം മോർഫ് ചെയ്തു പ്രചരിപ്പിച്ചുവെന്ന ആരോപണം പച്ചക്കള്ളമാണ്. തൻറെയും കുടുംബത്തിൻറെയും ഫോണുകൾ പരിശോധനയ്ക്ക് ഹാജരാക്കാൻ തയാറാണെന്നും തന്നെയും കുടുംബത്തെയും ആക്രമിക്കുന്ന ദൃശ്യങ്ങൾ തൻറെ ഭാര്യയുടെ പൊലീസ് കസ്റ്റഡിയിലുള്ള ഫോണിലുണ്ടെന്നും സാജൻ പറഞ്ഞു

തുടർ സംഘർഷം ഒഴിവാക്കാൻ വൻ പൊലീസ് സന്നാഹമാണ് സിയോൺ സഭ ആസ്ഥാനത്തും സാജൻറെ വീടിന് മുന്നിലും ക്യാമ്പ് ചെയ്യുന്നത്.
കലക്ടറുടെ സാന്നിധ്യത്തിൽ സർവകക്ഷി യോഗം അടുത്ത ദിവസം ചേരും.

Leave a Reply

Your email address will not be published. Required fields are marked *