Tuesday, January 7, 2025
Kerala

മുഖ്യമന്ത്രിയുടെ ഉറപ്പിൽ വിശ്വാസം; പ്രതിഷേധത്തിനും സമരത്തിനും സമസ്തയില്ല: ജിഫ്രി തങ്ങള്‍

 

വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട വിഷയത്തിൽ ഒരു സമരവും പ്രഖ്യാപിച്ചിട്ടില്ലെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. പ്രതിഷേധത്തിനും സമരത്തിനും സമസ്തയില്ല. മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഉറപ്പില്‍ സമസ്തക്ക് പൂര്‍ണവിശ്വാസമാണെന്നും സര്‍ക്കാര്‍ വളരെ മാന്യമായാണ് പ്രതികരിച്ചതെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. ഒരു പാർട്ടിയുമായും സമസ്തയ്ക്ക് അകലമില്ലെന്നും അദ്ദേഹം പറഞ്ഞു. വഖ്ഫ് വിഷയം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് സമസ്ത ഏകോപന സമിതിയോഗം ചേരാനിരിക്കെയാണ് ജിഫ്രി തങ്ങളുടെ മാധ്യമങ്ങളോടുള്ള പ്രതികരണം.

നിയമം പിൻവലിക്കാൻ തയ്യാറാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. തുടർനടപടി ഇല്ലാത്ത നിലയ്ക്ക് ഭാവിൽ എന്തു ചെയ്യണമെന്ന് ബന്ധപ്പെട്ടവരോട് കൂടിയാലോചിച്ച് തീരുമാനിക്കുമെന്നാണ് പറഞ്ഞത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഒരിക്കലും സമരം ആഹ്വാനം ചെയ്തിട്ടില്ല. ഒരു പ്രതിഷേധ പ്രമേയം പാസാക്കൂക മാത്രമാണ് സമസ്ത ചെയ്തത്. തുടര്‍ന്ന് മുഖ്യമന്ത്രി ചര്‍ച്ച ചെയ്യാന്‍ വിളിക്കുകയും അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. നാളെ കോഴിക്കോട് നടക്കുന്നത് ലീഗിന്റെ രാഷ്ട്രീയ റാലിയാണ്. മുസ്ലിം സംഘടനകളുടെ പൊതുകോര്‍ഡിനേഷന്‍ കമ്മിറ്റി സമസ്തക്കില്ല. അത് ആവശ്യം വരുമ്പോൾ തങ്ങന്മാർ വിളിക്കുമ്പോൾ കൂടിയിരുന്ന് ചർച്ച ചെയ്യുക എന്നതാണ്. ലീഗിനോടോ മറ്റേതെങ്കിലും പാര്‍ട്ടിയോടെ സമസ്തക്ക് അകലമില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

ജിഫ്രി തങ്ങള്‍ നിലപാട് വ്യക്തമാക്കിയതോടെ നാളെ നടക്കുന്ന ലീഗ് സമ്മേളനത്തിന് സമസ്തയുടെ പിന്തുണയില്ലെന്ന് വ്യക്തമായിരിക്കുകയാണ്. ജിഫ്രി തങ്ങളുടെ പ്രതികരണത്തില്‍ ലീഗ് നേതാക്കളുടെ പ്രതികരണം എന്തായിരിക്കും എന്നതാണ് ഇനി ഏവരും ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *